കോഴിക്കോട്:യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സനയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വധശിക്ഷ റദ്ദാക്കാനും മറ്റുകാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ തുടരും. അതസമയം ഈ വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമായത്. നേരത്തെ ജൂലൈ 16 ന് നടപ്പിലാക്കേണ്ട വധശിക്ഷ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങളെല്ലാം തന്നെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം കേന്ദ്ര വിദേശകാര്യമന്ത്രാലയം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.




