Section

malabari-logo-mobile

വയറിളക്കം മൂലമുള്ള സങ്കീര്‍ണത ഇല്ലാതാക്കാന്‍ തീവ്രയജ്ഞം

HIGHLIGHTS : Aggressive to eliminate complication due to diarrhoea

രണ്ടാഴ്ച നീളുന്ന ഡയേറിയ നിയന്ത്രണ പക്ഷാചരണം

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള വയറിളക്ക നിയന്ത്രണ തീവ്രയജ്ഞ പക്ഷാചരണത്തിന്റെ ഭാഗമായി പരമാവധി കുട്ടികള്‍ക്ക് ഒ.ആര്‍.എസ്. നല്‍കുന്നതാണ്. പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അതാത് പ്രദേശത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഓരോ പാക്കറ്റ് ഒ.ആര്‍.എസ്. എത്തിക്കുകയും പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരും ആശാ, അംഗന്‍വാടി പ്രവര്‍ത്തകരും അമ്മമാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും 4 മുതല്‍ 6 വീടുകളിലെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ ഗ്രൂപ്പിന് ഒ.ആര്‍.എസ്. തയ്യാറാക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.ആര്‍.എസ്., സിങ്ക് കോര്‍ണറുകള്‍ ഉറപ്പുവരുത്തും. കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്‍കുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുകൂടാതെ വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഈ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്നതാണ്.

വയറിളക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്താണ്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്ക രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ കുഞ്ഞുങ്ങളില്‍ വയറിളക്ക രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം സിങ്കും നല്‍കേണ്ടതാണ്. സിങ്ക് നല്‍കുന്നത് ശരീരത്തില്‍ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നതിനും വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്ക രോഗങ്ങള്‍ തടയാന്‍ കഴിയും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.

എല്ലാവരും, പ്രത്യേകിച്ച് 5 വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!