Section

malabari-logo-mobile

പ്രളയത്തിനുശേഷം കേരളം കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്: മന്ത്രി എം.ബി രാജേഷ്, പുള്ളിപ്പാടം തൂക്കുപാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

HIGHLIGHTS : പുള്ളിപ്പാടം തൂക്കുപാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് അത്ഭുതകരമായ വേഗത്തിലാണ് കേരളം ഉയര്‍ന്നുവന്നതെന്നും പല...

പുള്ളിപ്പാടം തൂക്കുപാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
പ്രളയത്തിന്റെ കെടുതിയില്‍ നിന്ന് അത്ഭുതകരമായ വേഗത്തിലാണ് കേരളം ഉയര്‍ന്നുവന്നതെന്നും പല പ്രതിസന്ധികള്‍ അതിജീവിച്ചാണ് കേരളം മുന്നേറുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മമ്പാട് ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പാടം തൂക്കുപാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പ്രളയത്തിന് മുന്നേയുള്ളതിനേക്കാള്‍ മികച്ച നിലവാരത്തിലേക്കെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പുള്ളിപ്പാടം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. ചാലിയാര്‍ പുഴക്കുകുറുകെ മമ്പാട് പുള്ളിപ്പാടം കടവില്‍ നിര്‍മിക്കുന്ന പുതിയ തൂക്കുപാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചത്. പാലം നിര്‍മിക്കാന്‍ 3.42 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം പൂര്‍ണമായും തകര്‍ന്നത്. പുതിയ തൂക്കുപാലത്തിനായി പുള്ളിപ്പാടത്തെ വിദ്യാര്‍ഥിയായ ഇസയും കൂട്ടുകാരികളും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. പാലം പുനര്‍നിര്‍മിക്കുന്നതിനായി 2020 മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2. 81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടപടി പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്നാണ് തുക വര്‍ധിപ്പിച്ചത്. തൂക്കുപാലം യാഥാര്‍ഥ്യമാകുന്നതോടെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, കറുക മണ്ണ, കാരച്ചാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ മമ്പാട് ടൗണില്‍ എത്തിച്ചേരാന്‍ കഴിയും.

sameeksha-malabarinews

പ്രളയ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്‍.പി) പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ കിഫ്ബി പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. നൂറുകണക്കിന് രൂപയാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസനത്തിനായി ഉപയോഗിച്ചത്. കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയിലുള്ള ദേശീയപാതയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാവുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. സമയബന്ധിതമായി തൂക്കുപാല നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാതിഥിയായി. മമ്പാട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്‌കര്‍ ആമയൂര്‍, ജനപ്രതിനിധികള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മമ്പാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ എം.ടി അഹമ്മദ് സ്വാഗതം പറഞ്ഞു. മമ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടപുറത്ത് നിര്‍മിച്ച ‘ടേക്ക് എ ബ്രേക്കി’ന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!