Section

malabari-logo-mobile

നടിയെ ആക്രമിച്ച കേസ്; ശ്രീലേഖയുടെ വെളിപ്പെടുത്തല്‍; പ്രതിഷേധം ശക്തം

HIGHLIGHTS : Actress assault case; Revelation of Srilekha; The protest is over

sameeksha-malabarinews
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ സ്വന്തം യു ട്യൂബ് ചാനല്‍ വഴി പ്രതികരണത്തിനെതിരെ വന്‍ പ്രതിഷേധം. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ തുറന്ന് പറച്ചില്‍ നടത്തിയത്.
‘ദിലീപിന്റെ പെട്ടന്നുള്ള ഉയര്‍ച്ചകളില്‍ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങള്‍ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതില്‍ വളരെ ശക്തരായ ചിലര്‍ ദിലീപിനെതിരായി. ആ സാഹചര്യത്തില്‍ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങള്‍ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേല്‍ വരെ മിഡിയ പ്രഷര്‍ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്കൊരുങ്ങി പ്രോസിക്യൂഷന്‍. വിസ്താരം നടക്കുന്ന കേസില്‍ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമര്‍ശത്തിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ബാലചന്ദ്രകുമാര്‍. ശ്രീലേഖ നടത്തിയത് വെളിപ്പെടുത്തലല്ല മറിച്ച് ആരോപണമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. വെളിപ്പെടുത്തലില്‍ തെളിവുണ്ടെങ്കില്‍ ശ്രീലേഖ പുറത്തുവിടട്ടേയെന്നും ബാലചന്ദ്രകുമാര്‍ വെല്ലുവിളിച്ചു. കേസില്‍ അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്നതിന്റെ തൊട്ടുമുന്‍പ് മുന്‍ ജയില്‍ വകുപ്പ് മേധാവി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അന്വേഷണത്തില്‍ സമര്‍ദം ചെലുത്താനാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളില്‍ നിന്ന് അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ മാത്രമാണ് ശ്രീലേഖ ഐപിഎസ് ചൂണ്ടിക്കാട്ടിയത്. ഇത് വെളിപ്പെടുത്തലായി കാണേണ്ടതില്ല. ചാനല്‍ ചര്‍ച്ചകള്‍ കണ്ട് സാധാരണക്കാര്‍ പറയുന്നത് പോലുള്ള ഒരു അഭിപ്രായപ്രകടനം മാത്രമാണിതെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ശ്രമമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ എന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തണം. ശ്രീലേഖയുടെ ഫോണ്‍ പൊലീസ് പരിശോധിക്കണമെന്നും കെ കെ രമ പ്രതികരിച്ചു.

ഉത്തരവാദപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന ഒരാള്‍ കേസ്
കോടതിയിലിരിക്കെ ഇങ്ങനെ പ്രതികരിക്കാമോ എന്ന് സമൂഹം വിലയിരുത്തട്ടെ, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും ഉമ തോമസ് എംഎല്‍എ പറഞ്ഞു. കേസ് മുന്നോട്ടുകൊണ്ടുപോവുന്നതില്‍ വളരെയധികം ഇടപെടലുകള്‍ നടത്തിയ ആളാണ് പി.ടി തോമസ്. അദ്ദേഹം ഇടപെട്ടിരുന്നില്ലെങ്കില്‍ കേസ് ചിലപ്പോള്‍ പുറത്തറിയുക പോലുമില്ലായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു.

മുന്‍ ജയില്‍ മേധാവി, ആര്‍. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് പുനരന്വേഷിക്കേണമെന്ന് പി.സി.ജോര്‍ജ്. ദിലീപ് കേസിന്റെ സത്യാവസ്ഥ പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ദിലീപ് കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ എന്നും ജോര്‍ജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും താന്‍ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News