നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തൃശ്ശൂര്‍: ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിലെടുത്ത കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു വടക്കാഞ്ചേരി പൊലീസ്. ഞായറാഴ്ച്ചയാണ് മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായത്. അതീവ രഹസ്യമായി വൈദ്യപരിശോധനയും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

നേരത്തെ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. 2011 ലാണ് കേസിനാസ്പദമായ സംഭവം. ആലുവ സ്വദേശിയായ നടിയെ സിനിമ ഷൂട്ടിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നടിയുടെ മറ്റൊരു പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കൈമാറിയ കേസില്‍ മരട് പോലീസും മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കും. ജസ്റ്റിസുമാരായ ബേല.എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘവും മറുപടിയുമായി സിദ്ദിഖും സത്യവാങ്മൂലം നല്‍കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top