തൃഷയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം;മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍

ചെന്നൈ: നടി തൃഷയ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൗസന്റ് ലൈറ്റ്‌സ് വനിതാ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കവേയാണ് മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും നടന്‍ പറഞ്ഞു.

‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന്‍ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവര്‍ത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകന്‍ ലോകേഷ് സംഭവത്തില്‍ പ്രതികരിച്ചത്. പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചത്.

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയും തൃഷയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്തുവന്നെങ്കിലും മാപ്പ് പറയാന്‍ തയ്യാറല്ലെന്നായിരുന്നു ആദ്യം നടന്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മാപ്പ് പറയുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top