ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രണം. പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. നാല്‍പത് ശതമാനം പൊള്ളലേറ്റ സോന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതി രാഹുല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് സോനയുടെ മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ബന്ധം വേര്‍പ്പെടുത്തിയ ശേഷവും രാഹുല്‍ സോനയെ ശല്യപ്പെടുത്തുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



