ഡിജിപിയുടെ പേരില്‍ തട്ടിപ്പ്; അധ്യാപികയില്‍ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ പേരില്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിയെ പൊലിസ് പിടികൂടി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്.
യുവാവിനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് പിടി കൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണുകളടക്കം കണ്ടെടുത്തതായി എസ്‌ഐ പി.ബി.വിനോദ് കുമാര്‍ അറിയിച്ചു.

ഡിജിപിയുടെ പേരില്‍ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും പണം തട്ടിയത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ഫോട്ടോ വച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഡിജിപിയുടെതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.

ഇതോടെ സംശയം തീര്‍ക്കാന്‍ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക സംഘത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top