കൊല്ലം: കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. അപകടത്തില്‍ കിണര്‍ ശുചീകരണ തൊഴിലാളികളായ നാലുപേര്‍ അപകടത്തില്‍പ്പെട്ടു. കിണറില്‍ കുടുങ്ങിയ നാലുപേരെയും അഗ്നിശമന ഉദ്യോഗസ്ഥര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
രക്ഷാപ്രവര്‍ത്തനത്തിടെ കൊല്ലം ഫയര്‍ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു.ഇദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
ശിവപ്രസാദ് എന്ന വാവ, സോമരാജ്, മനോജ്, രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. ആഴക്കൂടുതലുള്ള കിണര്‍ വൃത്തിയാക്കാന്‍ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവരും ഇറങ്ങുകയായിരുന്നു. ഇവരുടെ പ്രതികരണം ഒന്നും ഇല്ലാതായതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 80 അടി താഴ്ചയുളള കിണറില്‍ നിന്ന് വിഷവാതകം ശ്വസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.




