മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കണ്ടെത്തി. ഷമീറിനെ പോലീസ് കൊല്ലത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാല് പ്രതികളെയും പൊലീസ് പിടികൂടി. ഇവരെ പാണ്ടിക്കാട് എത്തിക്കും.
ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഷമീര്‍.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഷമീറിനെ ഇന്നോവ കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാണ്ടിക്കാട് നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്‌കൂളിന് സമീപത്തുവെച്ചാണ് ഒരു സംഘം കാറിലേക്ക് വലിച്ചു കയറ്റിയത്.
ഷമീറിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയത്. ഈ കാറിന്റെ ഉടമകളാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.




