HIGHLIGHTS : Aathuralaya in Devaswom lands; Project for Medical College in Guruvayur
തിരുവനന്തപുരം: അധിക ഭൂമിയും സാമ്പത്തികശേഷിയുമുള്ള സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഇനി ആശുപത്രി അടക്കമുള്ള ജനോപകാര പദ്ധതികളുമായി മുന്നോട്ട് വരും. ദേവസ്വങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ചും ഭക്തരുടെ സംഭാവന സ്വീകരിച്ചുമാകും ഇവ ഒരുക്കുക. ഇതിന്റെ സാധ്യത പരിശോധിക്കാന്‍ ദേവസ്വം വകുപ്പ് നിര്‍ദേശം നല്‍കി. നിലവിലെ മെഡിക്കല്‍ സെന്റര്‍ പുതുക്കിപ്പണിയുന്നതിനു പുറമെ പുതിയ മെഡിക്കല്‍ കോളേജിനുള്ള സാധ്യത പഠിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഏജന്‍സിയെ ചുമതലപ്പെടുത്തി. നിലവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു സമീപത്തെ മെഡിക്കല്‍ സെന്റര്‍ പുതുക്കിപ്പണിയാന്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. 55 കോടി രൂപ ചെലവിലാണ് സെന്റര്‍ പുതുക്കിപ്പണിയുന്നത്. ക്ഷേത്രദര്‍ശനത്തിനെത്തിയ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി പണം മുടക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
കാടാമ്പുഴ ദേവസ്വം ആരംഭിച്ച ഡയാലിസിസ് സെന്റര്‍ അടുത്തിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചത്. ഒരു ദേവസ്വത്തിന്റെ കീഴില്‍ ആദ്യമായിട്ടായിരുന്നു ഡയാലിസിസ് കേന്ദ്രം ഒരുക്കിയത്. ആറ് ഏക്കര്‍ ഭൂമിയില്‍ വൃക്കയുടെ ആകൃതിയിലാണ് പൂര്‍ണമായും ശീതീകരിച്ച സെന്റര്‍ നിര്‍മിച്ചത്. നിലവില്‍ 10 ഡയാലിസിസ് യൂണിറ്റുണ്ട്. 15 യൂണിറ്റ് കൂടി ഉടന്‍ സ്ഥാപിക്കും. ഇതോടെ പ്രതിദിനം 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യാം. അടുത്ത ഘട്ടത്തില്‍ നെഫ്രോളജി റിസര്‍ച്ച് സെന്ററാണ് ലക്ഷ്യമിടുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹായത്തോടെ നിലയ്ക്കലിലും പുതിയ ആശുപത്രി നിര്‍മിക്കുന്നുണ്ട്. ബേസ് ക്യാമ്പ് ഹോസ്പിറ്റല്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. -സമാനമായ പദ്ധതികളുടെ സാധ്യത പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു