Section

malabari-logo-mobile

ആദ്യം ആധാര്‍’: സംസ്ഥാനത്തെ ഏറ്റവും വിപുലമായ ആധാര്‍ എന്റോള്‍മെന്റ് യജ്ഞം ജൂലൈ 23 ന് കോഴിക്കോട്

HIGHLIGHTS : Aadhaar First': State's Largest Aadhaar Entitlement Yajna on July 23 in Kozhikode

കോഴിക്കോട്: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ആദ്യം ആധാര്‍ – സമഗ്ര ആധാര്‍ എന്റോള്‍മെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകള്‍ ജൂലായ് 23 ന് നടക്കും. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ആധാര്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിലുടനീളം നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ആദ്യം ആധാര്‍’.

കൂടുതല്‍ രജിസ്‌ട്രേഷനുള്ള വാര്‍ഡുകള്‍ അടിസ്ഥാനപ്പെടുത്തി ക്ലസ്റ്റര്‍ തിരിച്ചാണ് എന്റോള്‍മെന്റ് ക്യാമ്പുകള്‍ രൂപീകരിച്ചിട്ടുള്ളത്. അടിസ്ഥാന രേഖകളുടെ അപര്യാപ്തത മൂലം സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടരുതെന്ന സര്‍ക്കാരിന്റെ പൊതു നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ശ്രമത്തിന് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വിപുലമായ ആധാര്‍ എന്റോള്‍മെന്റ് യജ്ഞമാണിത്.

sameeksha-malabarinews

ജില്ലയിലാകെ 300 ഓളം ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പോസ്റ്റല്‍ വകുപ്പ്, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍, അക്ഷയ കേന്ദ്രങ്ങള്‍, ആരോഗ്യ വകുപ്പ്, ഐ.ടി. മിഷന്‍, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പരിശ്രമ ഫലമായാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിദിനം 20,000 ത്തോളം പേരെ രജിസ്റ്റര്‍ ചെയ്യാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ക്യാമ്പുകള്‍ക്ക് തദ്ദേശ സ്ഥാപന അധ്യക്ഷമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. ആധാര്‍ എടുത്തിട്ടില്ലാത്ത പൂജ്യം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രീകരിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ നിന്ന് അങ്കണവാടി, ആശാ വര്‍ക്കര്‍മാരാണ് വിവരശേഖരണം നടത്തുന്നത്. യജ്ഞത്തില്‍ ഒന്നര ലക്ഷത്തിലധികം പേരെ ഭാഗവാക്കാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

ജനപ്രതിനിധികളും ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, അസി. കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥരും തിരഞ്ഞെടുത്ത ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും. താലൂക്ക്, പഞ്ചായത്ത്തല ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കും.

ക്യാമ്പ് സജ്ജീകരണങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അക്ഷയ / പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍, തദ്ദേശ വളന്റിയര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കും.

ക്യാമ്പ് നടത്തിപ്പിനോടനുബന്ധിച്ച് ആധാര്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച ബോധവത്കരണവും വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും. പദ്ധതി വിശദീകരണത്തിനും ക്യാമ്പ് സജ്ജീകരണത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ വിവിധ ഘട്ടങ്ങളായി യോഗം ചേര്‍ന്നിരുന്നു. ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍സിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച മിഷന്‍ ടീമാണ് ജില്ലാ തല ഏകോപനം നിര്‍വഹിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!