Section

malabari-logo-mobile

വാഹനാപകടക്കേസില്‍ വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

HIGHLIGHTS : A youth who was taken into police custody in Vadakara in a car accident case died

കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. സജീവനെ പൊലീസ് മര്‍ദ്ദിച്ചതായും പൊലീസ് മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട സജീവന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാഹനങ്ങള്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുന്നതിന് മുന്നേ പൊലീസ് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.

sameeksha-malabarinews

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതേസമയം കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന ആരോപണം തള്ളുകയാണ് പൊലീസ്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറയുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്ത് വന്ന ഉടന്‍ സ്റ്റേഷന് മുന്നില്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇദ്ദേഹം വീഴുന്നത് കണ്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!