തിരുവനന്തപുരം: റെയില്‍വേ ട്രാക്കിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങി നടന്ന യുവതിയെ ട്രെയിനിനു മുന്നില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ പേട്ട റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. വീട്ടില്‍ നിന്നും ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി. തുടര്‍ന്ന് പേട്ട റെയില്‍വേ ട്രാക്കിലേക്ക് എത്തിയ യുവതി തമ്പാനൂര്‍ ഭാഗത്തേക്ക് നടക്കുകയായിരുന്നു. യുവതിയുടെ നടത്തത്തില്‍ പന്തികേട് തോന്നിയ പരിസരവാസികള്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി.
ഈ സമയം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി ഭാഗത്തേക്ക് വേഗതയില്‍ വരുന്ന ട്രെയിന്‍ യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസുകാര്‍ കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആംഗ്യം കാണിച്ചു.
റെയില്‍വേ ട്രാക്കില്‍ യുവതിയെയും അവര്‍ക്ക് പിന്നാലെ പൊലീസുകാര്‍ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ഇതോടെ, പിറകെ എത്തിയ പൊലീസുകാര്‍ യുവതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു.




