കുഞ്ഞ് ജനിച്ചിട്ട് 20 ദിവസം; കുഞ്ഞിനെ കാണാനെത്തിയ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

തൃശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ
ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തളിക്കുളം നമ്പിക്കടവില്‍ ഹഷിതയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് മുഹമ്മദ് ആഷിഫിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഇതിന് ശേഷം നമ്പിക്കടവിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. പ്രസവശേഷം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം.

ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 20ന് വൈകിട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം.

മുഹമ്മദ് ആഷിഫ് ബന്ധുക്കളുമായാണ് ഭാര്യവീട്ടിലെത്തിയത്. ഭാര്യയെയും നവജാത ശിശുവിനെയും കണ്ടശേഷം ബന്ധുക്കള്‍ പുറത്തിറങ്ങി. ഭാര്യയുടെ മുറിയില്‍ കയറി ആഷിഫ് വാതിലടച്ചു. കുറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാപിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടി. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന മകളെയായിരുന്നു. അകത്തുകടന്ന നൂറുദ്ദീനെയും ആഷിഫ് ആക്രമിച്ചു.

പരിക്കേറ്റ രണ്ടുപേരെയും ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹഷിതയെ രക്ഷിക്കാനായില്ല. ഹഷിതയുടെ പിതാവ് അപകടനില തരണം ചെയ്തു. ഒളിവില്‍പോയ ആസിഫിനെ പിടികൂടാനായില്ല.

 

Share news
error: Content is protected !!
Scroll to Top