തിരുവനന്തപുരം : നെടുമങ്ങാട് പരുത്തിക്കുഴിയില്‍ ഭര്‍ത്താവ് ജീവനൊടുക്കിയതറിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യ ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി ഹരിനന്ദനത്തില്‍ രാജേഷ് (38), ഭാര്യ പരുത്തിക്കുഴി ശോഭാഭവനില്‍ അപര്‍ണ(26) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഒരാഴ്ചയായി ഭര്‍ത്താവുമായി പിണങ്ങി പരുത്തിക്കുഴിയിലെ തന്റെ വീട്ടിലായിരുന്നു അപര്‍ണ്ണ. 100 മീറ്റര്‍ മാത്രമാണ് അപര്‍ണ്ണയുടെയും ഭര്‍ത്താവ് രാജേഷിന്റെയും വീടുകള്‍ തമ്മിലുള്ള അകലം. സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്തു.
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ അപര്‍ണ്ണയെ ശനിയാഴ്ച വൈകീട്ട് രാജേഷ് തിരിച്ച് വീട്ടിലേക്ക് വിളിച്ചുവെങ്കിലും കൂടെ പോകാന്‍ അപര്‍ണ്ണ കൂട്ടാക്കിയില്ല. ഇരുവര്‍ക്കും മൂന്നര വയസ്സുള്ള മകളുമുണ്ട്. മകള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. അപര്‍ണ്ണയും രാജേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അപര്‍ണ്ണ ഒപ്പം ചെല്ലാന്‍ തയ്യാറാകാതായതോടെ മനം നൊന്ത രാജേഷ് വീട്ടിലെത്തി രാത്രിയില്‍ കിടപ്പുമുറുയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ കൂട്ടുകാരെത്തി രാജേഷിനെ വിളിച്ചപ്പോഴാണ് ആത്മഹത്യ ചെയ്‌തെന്ന് അറിയുന്നത്.
രാജേഷിന്റെ വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഭര്‍ത്താവ് മരിച്ചെന്ന് അറിഞ്ഞ അപര്‍ണ്ണ ഉടനെ വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിച്ചു. ഉടനെ നാട്ടുകാരും ബന്ധുക്കളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ അപര്‍ണ മരിച്ചു. വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരുമിച്ചാണ് മോര്‍ച്ചറയിലേക്ക് മാറ്റിയത്. മോഹനന്റെയും ലില്ലിഭായിയുടെയും മകനാണ് രാജേഷ്. ഹരീഷ് സഹോദരനാണ്. വിജയന്റെയും ശോഭയുടെയും മകളാണ് അപര്‍ണ. ലീജ സഹോദരിയാണ്.




