കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി രഹസ്യ വാദം കേള്‍ക്കും. അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. സഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ചേംബറില്‍ വാദം കേള്‍ക്കാമെന്ന് ജ.സിയാദ് റഹ്‌മാന്റെ ബെഞ്ച് അറിയിച്ചു. വിചാരകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേള്‍ക്കും. അതിജീവിതയുടെ ആവശ്യത്തെ എതിര്‍ത്ത ദിലീപിന് ഹൈക്കോടതിയുടെ വിമര്‍ശനം. നിങ്ങള്‍ക്ക് എന്താണ് വിഷമമെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു.
ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹര്‍ജിയിലുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്.




