HIGHLIGHTS : A vibrant candlelight march with a voter awareness message
കോഴിക്കോട്:ദേശീയ വോട്ടര്‍ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ മൈതാനത്ത് ആയിരങ്ങളെ അണിനിരത്തി കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
‘ഫ്‌ലെയിംസ് ഓഫ് യൂണിറ്റി, ദ വോയ്‌സ് ഓഫ് ഔര്‍ വോട്ട്’ എന്ന പ്രമേയം ആസ്പദമാക്കി ഒരുക്കിയ മാര്‍ച്ച് ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) ശീതള്‍ ജി മോഹന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ എസ് എസ് ടെക്‌നിക്കല്‍ സെല്‍, എന്‍ സി സി, ജില്ലാ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, ക്യാമ്പസസ് ഓഫ് കോഴിക്കോട്, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, ജില്ലാ സ്വീപ് സെല്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ഒരുക്കിയ മാര്‍ച്ച് മാനാഞ്ചിറ മൈതാനം വലം വെച്ച്, ടൗണ്‍ ഹാള്‍, കോംട്രസ്റ്റ് വഴി, പബ്ലിക് ലൈബ്രറിയുടെ മുന്നിലൂടെ മൈതാനത്ത് സമാപിച്ചു.
മാര്‍ച്ചിന് ശേഷം നൂറുക്കണക്കിന് ജനങ്ങളെ അണിനിരത്തി ഹ്യൂമണ്‍ ഫോര്‍മേഷന്‍ ഒരുക്കി വോട്ടര്‍ ദിന പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് നടന്ന വോട്ടര്‍ ബോധവത്കരണ പരിപാടി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യത്തെയും ഇന്ത്യ എന്ന റിപ്പബ്ലിക്കിനെയും നിലനിര്‍ത്തുന്നത് വോട്ടര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു.
ശീതള്‍ ജി മോഹന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) ബിജു സി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഫാസില്‍ അഹമ്മദ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോഡിനേറ്റര്‍ ഡോ. നിജീഷ് എ എന്നിവര്‍ സംസാരിച്ചു.
കാമ്പസസ് ഓഫ് കോഴിക്കോടിന്റെ കീഴില്‍ നടന്ന പ്രസംഗ മത്സരം, രംഗോലി മത്സരം, ലഘുചിത്ര മത്സരം, റീല്‍ നിര്‍മാണ മത്സരം എന്നിവയിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനദാനം നിര്‍വഹിച്ചു.
സമൂഹത്തിലെ നാനാതുറകളില്‍ നിന്നും ആയിരത്തിലേറെ ജനങ്ങളെ ഉള്‍കൊള്ളിച്ച മാര്‍ച്ചിന് പുറമെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കോളജുകളിലും വോട്ടര്‍ ദിന പ്രതിജ്ഞ, കോളേജുകള്‍ പങ്കെടുക്കുന്ന ‘രംഗ് ദെ വോട്ട് ‘ എന്ന പേരില്‍ ദേശീയ വോട്ടര്‍ദിന ആശയത്തിലൂന്നിയ രംഗോലി മത്സരം, കോളേജ് പരിസരങ്ങളിലെ പ്രധാന കവലകള്‍ കേന്ദ്രീകരിച്ച് ‘സുശക്ത ജനാധിപത്യത്തിന് പ്രബുദ്ധ വോട്ടര്‍മാര്‍ ‘ എന്ന പ്രമേയത്തില്‍ തെരുവ് നടകങ്ങള്‍, ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സര്‍വേയും തുടര്‍ന്ന് വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഡ്രൈവുകള്‍, തെരഞ്ഞെടുപ്പ് സംബന്ധിച്ച യുവജനങ്ങളുടെ അഭിപ്രായ ശേഖരണം ലക്ഷ്യമാക്കിയുള്ള ‘യുവഹിതം’ അഭിപ്രായ സര്‍വേ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വോട്ടര്‍ രജിസ്‌ട്രേഷന്‍ പ്രോത്സാഹിപ്പിക്കല്‍, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കല്‍, അരാഷ്ട്രീയ വാദങ്ങള്‍ക്കെതിരെ ബോധവത്കരണം, യുവജനങ്ങളെ രാഷ്ട്രീയ പ്രക്രിയകളില്‍ സജീവമാക്കല്‍, കമ്മ്യൂണിറ്റി മാതൃകകള്‍ വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ ഒരുക്കിയത്.