HIGHLIGHTS : A tree sapling is gifted to a mother returning from the hospital with her baby after giving birth.

തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമായി മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ എന്ന പദ്ധതിയ്ക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമിട്ടു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി. ആശുപത്രിയിലെ ടീമിന് വൃക്ഷതൈ കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്‌സിംഗ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ നഴ്‌സിംഗ് ഓഫീസറാണ് ജ്യോതി. പ്രസവശേഷം എസ്.എ.ടി.യില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്ക് സൂപ്രണ്ട് വൃക്ഷതൈകള്‍ കൈമാറി.

തലമുറകളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത് വനം വകുപ്പുമായി ചേര്‍ന്നാണ്. പ്രസവം നടക്കുന്ന മറ്റ് ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു