കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തില്‍ രാസവസ്തു കുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റ് ചികിത്സയില്‍. കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.
വിനോദയാത്രാക്കായി കാസര്‍കോട്ട് നിന്ന് കോഴിക്കോടെത്തിയതായിരുന്നു കുട്ടിയടങ്ങുന്ന സംഘം. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. തട്ടുകടയില്‍ നിന്ന് എരിവുള്ള ഭക്ഷണം കഴിച്ചുവെന്നും വല്ലാതെ എരിഞ്ഞപ്പോള്‍ തൊട്ടടുത്ത് കണ്ട കുപ്പിയില്‍ നിന്ന് വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കുകയായിരുന്നുവെന്നുമാണ് ലഭ്യമായ വിവരം. അല്‍പ്പം വായിലേക്ക് ഒഴിച്ച ഉടനെ കുട്ടിക്ക് അസ്വസ്ഥത തോന്നി. ഉടന്‍ ഛര്‍ദ്ധിച്ചു. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ സുഹൃത്തിനും പൊള്ളലേറ്റിട്ടുണ്ട്. കുട്ടി കുടിച്ച അസിഡിക് സ്വഭാവമുള്ള രാസലായിനി ഏതാണെന്നതില്‍ വ്യക്തതയില്ല.
രണ്ട് കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ കുട്ടിയെ പിന്നീട് പയ്യന്നൂരിലേക്ക് മാറ്റി.
മദ്രസയില്‍ നിന്നുള്ള പഠനയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കോഴിക്കോട്ട് വന്നത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ പ്രദേശത്തെ കടക്കാര്‍ ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പ്രദേശത്ത് വ്യാപക പരാതിയുണ്ട്. ഈ ഗണത്തില്‍പ്പെടുന്ന ദ്രാവകമായിരിക്കാം കുട്ടി കുടിച്ചതെന്നാണ് അനുമാനം.




