വിദ്യാര്‍ത്ഥിക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനം

ആന്ധ്രാപ്രദേശില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്താണ് സംഭവം. പ്രതികളില്‍ ഒരാളുടെ കാമുകിയുമായുള്ള വിദ്യാര്‍ത്ഥിയുടെ അടുപ്പത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് പേരെ ഭീമാവരം പൊലീസ് അറസ്റ്റ് ചെയ്തു.

സ്വകാര്യ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠിയെ അതിക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചത്. എസ്ആര്‍കെആര്‍ എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാവരും. ടൗണിലെ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് അഞ്ചു വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. പ്രണയ ബന്ധത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അങ്കിത് എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

പ്രവീണ്‍, പ്രേംകുമാര്‍, സ്വരൂപ്, നീരജ് എന്നീ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അങ്കിതിനെ വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയും ദേഹമാസകലം പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയുമായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി ഇത് മുഴുവന്‍ ഷൂട്ട് ചെയ്തു. നെഞ്ചിലും കൈകളിലും സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ യുവാവ് ഭീമവാരം ടു ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top