Section

malabari-logo-mobile

ദേശീയപാതയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകയോഗം വിളിക്കും; മലപ്പുറം ജില്ലാ കലക്ടര്‍

HIGHLIGHTS : A special meeting will be called to resolve the problems of local residents regarding the national highway; Malappuram District Collector

ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍. ദേശീയപാത കടന്നുപോകുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രശ്‌നങ്ങള്‍ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാവികസന സമിതി യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. ദേശീയപാതയ്ക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തവരും പരിസരവാസികളുമായ ആര്‍ക്കും യാതൊരു പ്രയാസവുമുണ്ടാവില്ലെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറാത്തവിധം അഴുക്കുചാല്‍ സംവിധാനം ഒരുക്കണമെന്ന് ദേശീപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വീസ് റോഡുകളിലേക്കും ആശുപത്രിപോലുള്ള പ്രധാന സ്ഥാപനങ്ങളിലേക്കും പ്രവേശനമുറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ വികസനസമിതി യോഗത്തില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എയാണ് ദേശീയപാതയോരത്തെ ജനങ്ങളുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാരമാവശ്യപ്പെട്ടത്.
പൊന്നാനിയില്‍ നിളയോരപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി. നന്ദകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും കൈയേറ്റമൊഴിപ്പിക്കാന്‍ അതത് വകുപ്പുകള്‍ നടപടി സ്വീകരിക്കുമെന്നും തിരൂര്‍ സബ്കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് അറിയിച്ചു. എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് നടപടി വേഗത്തിലാക്കുമെന്നും സബ്കലക്ടര്‍ അറിയിച്ചു. മതിയായ രജിസ്‌ട്രേഷന്‍ രേഖകളോ നിര്‍മാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇല്ലാത്ത 1.17 ലക്ഷം രൂപ വിലവരുന്ന 12 ഇനം സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തതായി ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി നിഷിത് അറിയിച്ചു. ചില സൗന്ദര്യവര്‍ധകവസ്തുക്കള്‍ വൃക്കരോഗം ഉള്‍പ്പെടെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരൂര്‍, കോട്ടയ്ക്കല്‍, വളാഞ്ചേരി ഭാഗങ്ങളില്‍ നിന്നാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഈ മരുന്നുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എറണാകുളത്തെ റീജിയണല്‍ ലബോറട്ടറിയിലേക്ക് സാംപിളുകള്‍ അയച്ചതായും അദ്ദേഹം അറിയിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എയാണ് യോഗത്തില്‍ അസാസ്ത്രീയമായി നിര്‍മിക്കപ്പെട്ട സൗന്ദര്യവസ്തുക്കളുടെ വില്‍പ്പന തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.

എടരിക്കോട് പഞ്ചായത്തിലെ ക്ലാരി ഗവ. യു.പി സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞതായി കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വെന്നിയൂര്‍ ജി.എം.യു.പി സ്‌കൂളിന്റ കെട്ടിടനിര്‍മാണത്തിന്റെ ഡി.പി.ആര്‍ കില അംഗീകരിച്ചതായും സാങ്കേതികാനുമതി ഉടന്‍ ലഭിക്കുമെന്നും കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് ഡി.ഡി.ഇ മറുപടി നല്‍കി.

sameeksha-malabarinews

തിരൂര്‍-അരിയല്ലൂര്‍ മുതല്‍ കടലുണ്ടിക്കടവ് വരെയുള്ള റോഡിന്റെ നവീകരണത്തിന് 20 കോടി രൂപയുടെ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഡി.പി.ആര്‍ തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. വാഹനം വാങ്ങുന്നതും ബോട്ടുകളില്‍ ഇന്ധനം നിറയ്ക്കുന്നതും അനധികൃത മണലെടുപ്പ് തടയുന്നതിന്റെ ഭാഗമായാണെന്നും ഇതിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുണ്ടെന്നും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥന്‍ യോഗത്തെ അറിയിച്ചു. റിവര്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിദഗ്ധസമിതി എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും സമിതി പുനഃസംഘടിപ്പിക്കാത്തതിനാല്‍ നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നും യു.എ ലത്തീഫ് എം.എല്‍.എ പറഞ്ഞു. കാലാവധി കഴിഞ്ഞ എല്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശഭരണസ്ഥാപനങ്ങള്‍ സന്നദ്ധതയറിയിച്ചാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പുകളും കരിയര്‍ഗൈഡന്‍സും സംഘടിപ്പിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെയും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!