താനൂര്‍ തീരത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണം;നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചു

താനൂര്‍: രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന താനൂര്‍ തീരദേശത്ത് അടിയന്തിരമായി കടല്‍ഭിത്തിനിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് താനൂര്‍ നഗരസഭ കൗണ്‌സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഡിവിഷന്‍ ഇരുപത്തിനാലിലെ കൗണ്‌സിലര്‍ എംപി ഫൈസലാണ് പ്രമേയം അവതരിപ്പിച്ചത്. ഇരുപത്തി എട്ടിലെ കൗണ്‌സിലര്‍ നജ്മത്ത് പ്രമേയത്തെ പിന്താങ്ങി.

കടല്‍ ഭിത്തിയില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഏതു സമയവും കടലെടുക്കുമെന്ന ഭീതിയിലാണ്. പുതിയ കടപ്പുറത്ത് 200 മീറ്ററും, അഞ്ചുടിയില്‍ രണ്ടു ഭാഗങ്ങളിലായി 150 മീറ്ററും, ചീരാന്‍ കടപ്പുറത്ത് രണ്ടു ഭഗങ്ങളിലായി 100 മീറ്ററും എടക്കടപ്പുറത്ത് രണ്ടു ഭാഗങ്ങളിലായി 360 മീറ്ററും, കോര്‍മ്മന്‍കടപ്പുറത്ത് 1200 മീറ്ററും കടല്‍ഭിത്തി നിര്‍മ്മക്കാനുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. നിലവില്‍ കടലഭിത്തിയുള്ള ഭാഗങ്ങളില്‍ ബാലപ്പെടുത്തുന്ന പ്രവൃത്തിയും നടത്തേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയകടല്‍ഭിത്തി നിര്‍മ്മിക്കാനോ, ബാലപ്പെടുത്താനോ ഒരു നടപടിയുമുണ്ടായിട്ടില്ല.

പ്രമേയം കൗണ്‌സിലില്‍ ഐക്യകണ്‌ഠേന പാസ്സാക്കി. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ പിപി ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെപി അലി അക്ബര്‍, സി.കെ.എം ബഷീര്‍, ജയപ്രകാശ് മൂത്തേടത്ത്, കൗണ്‌സിലര്‍മാരായ റഷീദ് മോര്യ, നൗഷാദ് പിവി, ആബിദ് വടക്കയില്‍, പി.ടി അക്ബര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top