വെന്നിയൂരില്‍ വഴിയാത്രക്കാരന്‍ വാഹനമിടിച്ച് മരിച്ച സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: അജ്ഞാത വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റിലായി.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ തലശ്ശേരി കുറ്റിയാട്ടൂര്‍ വടുവാന്‍കുളം എം വി ഷാജി (36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ദേശീയപാത വെന്നിയൂരിലാണ് റോഡരികില്‍ മരിച്ച നിലയില്‍ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂര്‍ താമസക്കാരനുമായ നടരാജനാണ് (63) മരിച്ചത് . പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല.
കോഴിക്കോട് ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഇന്‍ഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറും ശേഖരിച്ച് അന്വേഷണം തുടര്‍ന്നു.

അപകടം നടന്ന ദിവസം പുലര്‍ച്ചെയുള്ള കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ് ഇന്‍ഡിക്കേറ്റര്‍ തകര്‍ന്ന ബസ് കണ്ടെത്തി. ബസ്സിന് ഉണ്ടായ നാശനഷ്ടം കെഎസ്ആര്‍ടിസി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും കണ്ടെത്തി. ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top