Section

malabari-logo-mobile

‘നിനക്കൊരെഴുത്തുണ്ട്’ എന്ന വാക്കുകള്‍ പോലെ എന്നെ ആഹ്ലാദിപ്പിച്ച മറ്റൊരു വാചകമില്ല… ഷിജു ആര്‍ എഴുതുന്നു

HIGHLIGHTS : നിങ്ങളുടെ മുറിയിലുമുണ്ടോ കൂമ്പാരം കൂടി കാലപ്പഴക്കത്തിന്റെ നിറവും മണവും പൊടിയും പിടിച്ചു കിടക്കുന്ന പേപ്പറുകളും പുസ്തകങ്ങളും ?ഓര്‍മ്മയുടെ കടല്‍ത്തിര...

നിങ്ങളുടെ മുറിയിലുമുണ്ടോ കൂമ്പാരം കൂടി കാലപ്പഴക്കത്തിന്റെ നിറവും മണവും പൊടിയും പിടിച്ചു കിടക്കുന്ന പേപ്പറുകളും പുസ്തകങ്ങളും ?ഓര്‍മ്മയുടെ കടല്‍ത്തിരകള്‍ ഇടയ്ക്ക് തീരത്ത് കൊണ്ടിടുന്ന പാഴ് വസ്തുക്കള്‍ പോലെ. ഇടയ്ക്കുള്ള തൂത്തുവാരലിലോ തറതുടയ്ക്കലിലോ വീട് പെയിന്റ് ചെയ്യുമ്പോഴോ വേദനയോടെ കൈവിട്ടു പോയവ. പഴയ സാധനങ്ങള്‍ക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍ തരുന്ന തമിഴത്തിയക്കയ്ക്ക് നിങ്ങള്‍ വീട്ടിലില്ലാത്ത ദിവസം വീട്ടുകാര്‍ തൂക്കി വിറ്റവ.
എന്നിട്ടും ബാക്കിയായവ ഇനിയുമുണ്ടോ?
ഇടയ്ക്ക് നേരം കിട്ടുമ്പോള്‍ അവയൊന്നെടുത്ത് പൊടി തട്ടണം. അവയിങ്ങനെ തൊട്ടും പിടിച്ചും അവയില്‍ നിന്നു പൊങ്ങുന്ന മണമാസ്വദിച്ചുമിരിക്കണം. അപ്പോള്‍ കൈവിട്ടു കളഞ്ഞ കാലം ഒരു നീരുറവയായ് കാല്‍വിരല്‍ തുമ്പു നനച്ചു തുടങ്ങും. പതുക്കെയതൊരു പ്രവാഹമായി ഉടലുമുയിരും പൊതിഞ്ഞു പൊങ്ങും. ആ ഓര്‍മ്മകളുടെ നദിയിലെ കണ്ണാടി വെള്ളത്തില്‍ എത്ര നേരം കിടക്കാമെന്നോ. അതൊരു സുഖമാണ്.

അലമാരകള്‍ക്കും ബുക്ക് റാക്കുകള്‍ക്കുമൊക്കെ മുമ്പ് അവ സൂക്ഷിക്കാന്‍ വേറൊരു മാര്‍ഗ്ഗമായിരുന്നു. പച്ചക്കറിക്കടയില്‍ നിന്നും വാങ്ങുന്ന തക്കാളിപ്പെട്ടിയില്‍ (കനം കുറഞ്ഞ മുരിക്ക്പാളികള്‍ കൊണ്ട് ഉണ്ടാക്കിയത് ) പേപ്പര്‍ വിരിച്ചാണ് ബാലരമയും പൂമ്പാറ്റയും മറ്റും സൂക്ഷിച്ചിരുന്നത്. അതായിരുന്നു എന്റെ ശേഖരം. ആ ശേഖരവും കാലം കഴിയും തോറും വളര്‍ന്നു. കട്ട് ചെയ്ത ക്ലാസുകള്‍ക്ക് കൂട്ടുകാരികള്‍ എഴുതിത്തന്ന നോട്ടുകള്‍. അവരുടെ സഹായം കൊണ്ട് പൂര്‍ത്തിയാക്കിയ റെക്കോര്‍ഡുകള്‍. സീനിയര്‍ ക്ലാസിലെ പെണ്‍കുട്ടികള്‍ തന്ന സ്റ്റഡി മെറ്റീരിയലുകള്‍.(അവയാണെന്റെ ശരിക്കുമുള്ള ഓട്ടോഗ്രാഫ്) സമ്മേളനങ്ങളിലെ ബാഡ്ജുകള്‍. പാതിയില്‍ നിര്‍ത്തിയ ഡയറികള്‍. സിനിമാപ്രാന്തു കാലത്ത് വാരികകളില്‍ നിന്നു വെട്ടിവച്ച മമ്മൂട്ടി / മോഹന്‍ലാല്‍ ചിത്രങ്ങള്‍. അങ്ങനെയങ്ങനെ പലതും.

കലോത്സവങ്ങളും മറ്റുമായി ഊരുതെണ്ടുന്നതിനിടയില്‍ കണ്ടുമുട്ടുന്ന കൂട്ടുകാര്‍ക്ക് കത്തെഴുതുക എന്നൊരു ശീലമുണ്ടായിരുന്നു ചെറുപ്പത്തിലേ. പലതും മറുപടികള്‍ ലഭിക്കാതെ ഒറ്റയെഴുത്തില്‍ അവസാനിച്ചു പോകും. എന്നാലും സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ‘നിനക്കൊരെഴുത്തുണ്ട് ‘ എന്ന് വാക്കുകള്‍ പോലെ അക്കാലത്ത് എന്നെ ആഹ്ലാദിപ്പിച്ച മറ്റൊരു വാചകമില്ല. അവ കളയാതെ സൂക്ഷിക്കുമായിരുന്നു.

കാലത്തിനൊപ്പം വളര്‍ന്ന എഴുത്തുകള്‍. കാര്‍ഡുകളിലായിരുന്നു തുടക്കം. കൗമാരത്തിന്റെ കനവുകള്‍ക്ക് കാര്‍ഡിന്റെ തുറന്ന ശരീരം മതിയാവാതെ വന്നു. വീട്ടിനകത്തും ഷര്‍ട്ടിട്ടു തുടങ്ങിയ അക്കാലത്ത് കത്തുകളും കവറിലൊളിച്ചു തുടങ്ങി. മറ്റാരും കാണരുതാത്ത കതിരുകളും മലരുകളും. മണിച്ചിത്രത്താഴും മഴയെത്തും മുന്‍പേയും ഒക്കെ കണ്ട കാലത്ത് ശോഭനയ്‌ക്കൊരു കത്തെഴുതി. യാദൃച്ഛികമായി ഒരു സിനിമാമാസികയില്‍ നിന്നാണ് വിലാസം കിട്ടിയത്. പുസ്തകത്തില്‍ ഒളിപ്പിച്ച് എഴുതി പകുതിയാക്കിയ കത്ത് മുറിയടിച്ചുവാരാന്‍ വന്ന ഇളയമ്മ കണ്ടുപിടിച്ചു. ഒരാഴ്ച നീണ്ട വാരല്‍ (ട്രോളല്‍ എന്ന് സമകാലിക മലയാളം) അവസാനം ആ കത്തും പാതിയില്‍ നിന്നു. അങ്ങനെ പാതിയില്‍ നിന്നു പോയ വേറെയും കത്തുകളുണ്ടായിരുന്നു.

കോളജ് കാലത്ത് കൂട്ടത്തിലൊരുത്തന് ഒരു മുടിഞ്ഞ പ്രണയം. എങ്ങനെ വിജയിപ്പിക്കുമെന്ന് ഉത്സാഹക്കമ്മിറ്റി കൂടി. ആലോചിച്ചാലോചിച്ച് ഒരു പ്രണയ ലേഖനമെഴുതാമെന്ന് തീരുമാനിക്കപ്പെട്ടു. അത്യാവശ്യം പോസ്റ്ററെഴുതുന്ന കയ്യക്ഷരവും കത്തെഴുത്തിന്റെ അസുഖവും കാരണം കത്തെഴുതാനുള്ള ചാര്‍ജ് എന്നെയാണ് കമ്മിറ്റി ഏല്പിച്ചത്. പൂച്ചമാന്തിയതില്‍ നിന്നും ഒട്ടും ഭേദമില്ലാത്ത കയ്യക്ഷരമാണ് തന്റെതെന്ന് നിയുക്തകാമുകന്‍ സ്വയം പുരസ്‌കരിച്ചിട്ടുണ്ട്. ഒരിക്കലും ബോഗി തീരാത്ത ഗുഡ്‌സിന് തലവയ്ക്കാനുള്ള ഒരു ഉടമ്പടിയിലാണ് ഒപ്പു വച്ചത് എന്നറിയാതെയായിരുന്നു അന്ന് അതേറ്റെടുത്തത്.

ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ലറ്റര്‍ പാഡില്‍ നിന്നും റോസാപ്പൂ ഷേഡുള്ള , നീലക്കടലാസ് ചീന്തിയെടുത്ത് എം ടിയേയും ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും പത്മരാജനെയും വാറ്റിപ്പിഴിഞ്ഞ് ഒരു സാധനം തയ്യാറാക്കി കൊടുത്തു. ഉത്സാഹക്കമ്മറ്റി ഐക്യകണ്‌ഠേന പാസ്സാക്കി. അതവളുടെ കയ്യിലെത്തിച്ച ജീവന്‍മരണപ്പോരാട്ടം മറ്റൊരു കഥ. അത് പിന്നെപ്പറയാം. അവന്‍ മിടിക്കുന്ന ഹൃദയത്തോടെ കാത്ത മറുപടി വന്നു പിറ്റേ തിങ്കളാഴ്ച.

‘പ്രിയ…
നിന്നെപ്പോലല്ല , എന്തു ഭംഗിയാണ് നിന്റെ എഴുത്ത്. നിന്റെതാണെന്ന് തോന്നുന്നേയില്ല. ശരിക്കും അതിനോടെനിക്കൊരു ഇഷ്ടം തോന്നുന്നുണ്ട്. ‘ എന്നു തുടങ്ങിയ കത്ത് പിന്നെ മോറല്‍ സയന്‍സ് ക്ലാസിലെ ഉപന്യാസം പോലെയാണ് അവസാനിച്ചത്. എന്നാലും വേണ്ടെന്നോ വേണമെന്നോ പറയാത്ത വിധത്തില്‍.

നീണ്ട രണ്ടര കൊല്ലക്കാലം കയ്യാലപ്പുറത്തെ തേങ്ങ പോലെ നിന്ന പ്രണയത്തിന് കാക്കകുയില്‍ സിനിമയിലെപ്പോലെ അവന്റെ ഉടലെഴുത്തും എന്റെ ഉയിരെഴുത്തും. ആ സൗഹൃദം അതോ പ്രണയമോ എന്നറിയാത്ത ബന്ധത്തില്‍ ഇടയിലെപ്പോഴോ കത്തിന്റെ ഉടമയെ അവള്‍ കയ്യോടെ പൊക്കി. അതോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. പക്ഷേ പിരിയും മുമ്പ് അവളെനിക്കൊരു ഫൗണ്ടന്‍ പേന സമ്മാനമായിത്തന്നു. എന്റെ ഓര്‍മ്മകളുടെ ശേഖരത്തിലുണ്ട് അതിപ്പോഴും.

കത്തുകള്‍ ഇ-മെയിലുകളായും എസ്.എം.എസുകളായും മാറിയ കാലത്തും ഇടയ്ക്കവള്‍ മിണ്ടാറുണ്ട്. മറ്റൊരു രാജ്യത്തു നിന്ന്. 2009 അവളെനിക്കൊരു മെസ്സേജ് അയച്ചു.

‘എടോ.. നിനക്കൊരു മോണ്ട് ബ്ലാങ്ക് പേന അയക്കട്ടെ ബര്‍ത്ത് ഡേ സമ്മാനമായി ?’

‘മോണ്ട് ബ്ലാങ്കോ ?’

‘ഉം.. അറിഞ്ഞില്ലേ ഈ വര്‍ഷം മോണ്ട് ബ്ലാങ്ക് മഹാത്മാ ഗാന്ധി പേനകള്‍ ഇറക്കുന്നു. ദണ്ഡിയാത്രയുടെ ഓര്‍മ്മകളോടുള്ള ആദരമായി. ‘

‘പിന്നേ.. വേണേല്‍ വേഗം പറയണം. ലിമിറ്റഡ് എഡിഷനാണ്. ദണ്ഡിയിലേക്ക് ഗാന്ധിജി താണ്ടിയ 241 മൈലുകളുടെ ഓര്‍മ്മയില്‍ 241 എണ്ണം.’
’11 ലക്ഷം രൂപയാണ് പ്രൈസ് ടാഗ് ‘
പിന്നെയുമെന്തൊക്കെയോ പറഞ്ഞ് അന്നാ സംഭാഷണം മുറിഞ്ഞു.

ഞാന്‍ ദണ്ഡിയാത്രയെക്കുറിച്ചാലോചിച്ചു. ഗാന്ധിജിയെക്കുറിച്ചാലോചിച്ചു. ഞാനവള്‍ക്ക് എഴുതി, വിപ്ലവങ്ങളെപ്പോലും പരസ്യവാചകമാക്കാനുള്ള വിപണിയുടെ വഴക്കങ്ങള്‍. സ്വന്തം രാജ്യത്തെ ഉണ്ണാനുമുടുക്കാനുമില്ലാത്ത മനുഷ്യര്‍ക്ക് വേണ്ടി വസ്ത്രത്തിന്റെ ധാരാളിത്തമുപേക്ഷിച്ച മഹാത്മാവിന്റെ മുഖം ചേര്‍ത്തു വില്‍ക്കുന്ന പേനയ്ക്ക് ഒന്നിന് 11 ലക്ഷം രൂപയുടെ പ്രൈസ്ടാഗ്

അവള്‍ തന്ന പേനയും അന്നത്തെ എഴുത്തുകളും പലതും പല വഴിക്ക് ചിതറിപ്പോയി. കൊണ്ടു നടക്കാന്‍ കഴിയാത്ത ബാഹുല്യത്താല്‍ പലതും ഉപേക്ഷിച്ചു. എന്നിട്ടും ചിലതിപ്പോഴും പെട്ടികളിലും പലതുമിപ്പോഴും ഓര്‍മ്മകളിലും സൂക്ഷിക്കുന്നു. തിരക്കുപിടിച്ച ഓട്ടങ്ങള്‍ക്കിടയില്‍ ഒന്നു മുങ്ങി നിവരാന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!