വേങ്ങര തട്ടാഞ്ചേരിമല നിവാസികള്‍ക്ക് സ്വപ്ന സാഫല്യം: കുടിവെള്ള പദ്ധതി മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു

വേങ്ങര: രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ദുരിതത്തിലായിരുന്ന മലപ്പുറം ജില്ലയിലെ വേങ്ങര തട്ടാഞ്ചേരിമല നിവാസികള്‍ക്ക് ഇനി കുടിവെള്ളം കിട്ടാക്കനിയാവില്ല. തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചെറുകരമല കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികളും മന്ത്രി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 17-ാം വര്‍ഡില്‍ സ്ഥിതി ചെയ്യുന്ന തട്ടാഞ്ചേരിമല, ചെറുകരമല എന്നീ ഉയര്‍ന്ന ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 99.5 ലക്ഷം രൂപ വിനിയോഗിച്ചാണ് തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. 2016ല്‍ ലഭ്യമാക്കിയ 35 ലക്ഷം രൂപ വിനിയോഗിച്ച് ഒന്നാംഘട്ടമായി കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാണ്ടികശാലകടവില്‍ കിണറും ചൂണ്ടയില്‍ കദിയുമ്മ കൈമാറിയ സ്ഥലത്ത് സംഭരണ ടാങ്കും നിര്‍മിച്ചു. 2021ല്‍ രണ്ടാംഘട്ടമായി അനുവദിച്ച 64.5 ലക്ഷം രൂപ വിനിയോഗിച്ച് പൈപ്പ് ലൈന്‍ പ്രവൃത്തിയും പ്രഷര്‍ ഫില്‍റ്റര്‍, പമ്പ് സെറ്റ് സ്ഥാപിക്കല്‍, വീട്ടുകണക്ഷനുകള്‍ എന്നിവ പൂര്‍ത്തിയാക്കി. ഇതോടെ 60ഓളം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തും.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് അനുവദിച്ച 56 ലക്ഷം വിനിയോഗിച്ചാണ് ചെറുകരമല കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. പമ്പിങ് പൈപ്പ് ലൈന്‍, വിതരണ പൈപ്പ്ലൈന്‍, ടാങ്ക്, പമ്പ് സെറ്റ്, പ്രഷര്‍ ഫില്‍റ്റര്‍, 50 വീടുകളിലേക്ക് വീട്ടു കണക്ഷന്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇ.വി ആഷിഖ് കൈമാറിയ സ്ഥലത്താണ് ടാങ്ക് നിര്‍മിക്കുക. ഈ പ്രവൃത്തി കൂടി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ 120ഓളം വീടുകളിലേക്ക് കുടിവെള്ളമെത്തും.

ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസല്‍ മന്ത്രിക്ക് മെമെന്റോ കൈമാറി. വാര്‍ഡ് മെമ്പര്‍ യൂസുഫലി വലിയോറ, ടി.കെ കുഞ്ഞി മുഹമ്മദ്, എം സുഹിജാബി, പി.എച്ച് ഫൈസല്‍, എസ് സത്യ വിത്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top