
കോഴിക്കോട്: ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസര്‍ സംവിധാനം ഒരുക്കണമെന്ന നിര്‍ദ്ദേശത്തില്‍ കോഴി വ്യാപാരികള്‍ പ്രയാസം അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ വികേന്ദ്രീകൃത രീതിയില്‍ എല്ലാ കോഴി സ്റ്റാള്‍ കച്ചവടക്കാര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന കണ്ടെയ്‌നര്‍ ഫ്രീസര്‍ സ്ഥാപിക്കും. ജില്ലാ ശുചിത്വമിഷനാണ് ഇക്കാര്യം ശനിയാഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചത്.
നിലവില്‍ ജില്ലയില്‍ കോഴിമാലിന്യം ശേഖരിക്കുന്ന ഏക ഏജന്‍സിയാണ് ഫെബ്രുവരി 10 ഓടെ ഫ്രീസര്‍ സ്ഥാപിക്കുക. കണ്ടെയ്‌നര്‍ ഫ്രീസറില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ കോഴി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യവും ശേഖരിക്കാം. സംവിധാനം വിജയകരമാണെന്ന് കണ്ടാല്‍ ജില്ലയിലെ നാലു താലൂക്കുകളിലേക്ക് കൂടി വ്യാപിപ്പിക്കും.
നിലവില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്ന ജില്ലയിലെ ഏക പ്ലാന്റായ കട്ടിപ്പാറയിലേക്ക് 20-25 ടണ്ണില്‍ കൂടുതല്‍ മാലിന്യം കൊണ്ടുപോകരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന മാലിന്യം സമീപ ജില്ലകളിലെ ഏജന്‍സികള്‍ക്ക് കൈമാറും. ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നു എന്ന് ശുചിത്വമിഷന്‍ ഉറപ്പാക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങളും മണ്ണും കല്ലുകളും അടിഞ്ഞ് തടസ്സപ്പെട്ട വാണിമേല്‍ പുഴ ശുചീകരിക്കാനുള്ള ഏഴ് പ്രവര്‍ത്തികളില്‍ ആറെണ്ണം ടെണ്ടര്‍ ചെയ്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫെബ്രുവരി 15 ന് പ്രവൃത്തി തുടങ്ങും.
കുറ്റ്യാടി, മണിയൂര്‍, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ജല്‍ജീവന്‍ പദ്ധതിക്ക് വേണ്ടി വെട്ടിപൊളിച്ച റോഡുകള്‍ പുനരുദ്ധരിക്കുന്ന പ്രവൃത്തി തുടങ്ങിയതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. മറ്റ് ഗ്രാമപഞ്ചായത്തുകളിലും ഉടന്‍ തന്നെ പ്രവൃത്തി തുടങ്ങും. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളില്‍ 60% പുനരുദ്ധാരണ പ്രവര്‍ത്തി തുടങ്ങി.
സരോവരത്ത് തണ്ണീര്‍തടം മണ്ണിട്ട് നികത്താന്‍ ശ്രമിച്ച
സംഭവത്തില്‍ മണ്ണ് ഏതു തരം ഭൂമിയിലാണ് നിക്ഷേപിച്ചത് എന്ന് പരിശോധിക്കണമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാന പാതയില്‍ പലയിടത്തും അനധികൃത കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും മുക്കം മുനിസിപ്പാലിറ്റി പരിധിയില്‍
അനുവദിച്ചതിലും കൂടുതല്‍ സ്ഥലങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ കയ്യേറിയതായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ചൂണ്ടിക്കാട്ടി. ഇത് ഗതാഗത കുരുക്കിനും കാരണമാകുന്നതിനൊപ്പം മാലിന്യ ഉള്‍പ്പാദനത്തിനും ഇടയാക്കുന്നു.
ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ലിന്റോ ജോസഫ്,
എഡിഎം സി മുഹമ്മദ് റഫീക്ക്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ,
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മറ്റ്
ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




