തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തു.കൊച്ചി പോലീസാണ് കേസെടുത്തത്. കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. സൈബര്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153 -കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കല്‍, 153 (എ) – മതസ്പര്‍ദ്ധ വളര്‍ത്തല്‍, കേരള പൊലീസ് ആക്ട് 120 (ഒ) – ക്രമസമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കളമശേരി സ്‌ഫോടനം സംബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍.
കഴിഞ്ഞ ദിവസം, തീവ്ര ഗ്രൂപ്പുകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് അതിനു കൂട്ടു നില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. വിഷം അല്ല കൊടുംവിഷമാണ് രാജീവ് ചന്ദ്രശേഖറെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്. ‘വിഷം എന്നേ അന്നു ഞാന്‍ പറഞ്ഞിട്ടുള്ളൂ. കൊടും വിഷം എന്ന് പറയും അത്രയേ ഉള്ളൂ’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.




