ദീർഘവീക്ഷണമില്ലാത്ത, കാഴ്ച്ചപ്പാടില്ലാത്ത ബജറ്റ്; പരപ്പനങ്ങാടി നഗരസഭ ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ ഈ സാമ്പത്തിക വർഷത്തേക്കായി അവതരിപ്പിച്ച ബജറ്റ് യാതൊരു ദീർഘവീക്ഷണവും കാഴ്ച്ചപ്പാടും ഇല്ലാത്തതാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് 2026-27വർഷത്തെ ബജറ്റിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ ജീവിക്കുന്ന പുതിയ തലമുറയോട് സംവദിക്കുന്ന ഒന്നും തന്നെ ഈ ബജറ്റിൽ ഇല്ലെന്ന് വാർത്താ സമ്മേളനത്തിൽ കൗൺസിലർ നിയാസ് പുളിക്കലകത്ത് പറഞ്ഞു. മത്സ്യ തൊഴിലാളികൾ, കർഷക തൊഴിലാളികൾ പ്രവാസികൾ അഭ്യസ്ഥവിദ്യരായ യുവാക്കൾ, കൗമാരക്കാർ, വയോജനങ്ങൾ ,സ്ത്രീകൾ , ഭിന്നശേഷിക്കാർ മുതലായ വിഭാഗങ്ങളിലുള്ളവരെ ശാക്തീകരിക്കുന്നതിനുള്ള ഒരു പദ്ധതിയും ഈ ബജറ്റിൽ കാണുന്നില്ലെന്നത് ഏറെ സങ്കടകരമാണെന്നും അവർ പറഞ്ഞു.

നാൽപത് കൊല്ലം മുന്നെ അവതരിപ്പിക്കേണ്ട ആശയങ്ങളും പദ്ധതികളുമാണ് ഈ ബജറ്റിലും മുന്നോട്ട് വെക്കുന്നതെന്ന് ഇവർ ആരോപിച്ചു.

പരപ്പനങ്ങാടിയിലെ കർമശേഷിയും ചിന്താശേഷിയുമുള്ള പുതിയ തലമുറയേയും അനുഭവസ്ഥരായവരെയും ഉൾപ്പെടുത്തി ഒരു ആസൂത്രിത സമിതിക്ക് രൂപം കൊടുത്ത് പുതിയ ബജറ്റ് നിർമ്മിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ നിയാസ് പുളിക്കലകത്ത്, മഞ്ജുഷപ്രലോഷ്, ബിന്ദു ജയചന്ദ്രൻ, ഇ.ടി സുബ്രമണ്യൻ, കെ.അബ്ദുൽകരീം, ബിജുഷ ടീച്ചർ, പി.പി ഫസലുൽ ഫാരിസ, സിന്ധു രാജ്, കേലച്ചൻകണ്ടി ഉണ്ണികൃഷ്ണൻ, പാലക്കണ്ടി വേലായുധൻ, കെ.ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top