കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; കാലിക്കറ്റ് വി.സിയുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം

കാലിക്കറ്റ് വി.സിയുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം

കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്റെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം പ്രചരിക്കുന്നു. സഹായമഭ്യർഥിച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശങ്ങൾ ചൊവ്വാഴ്ച പലർക്കും ലഭിച്ചിട്ടുണ്ട്. ഇവയോട് പ്രതികരിക്കരുതെന്നും സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും വൈസ് ചാൻസിലറുടെ ഓഫീസ് അറിയിച്ചു.

സർവകലാശാലയും യു.എൽ.സി.സി. ഫൗണ്ടേഷനും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പും യു.എൽ.സി.സി. ഫൗണ്ടേഷനും ചേർന്ന് പ്രവർത്തിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് പഠനവകുപ്പിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് സൗകര്യം യു.എൽ.സി.സി. ഫൗണ്ടേഷൻ നൽകുമ്പോൾ, ഡൌൺ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് വേണ്ടി സർഗശേഷി എന്ന പേരിൽ ഫൗണ്ടേഷൻ നടത്തുന്ന സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ സഹകരിക്കുക.  പഠനവകുപ്പിൽ നടന്ന ചടങ്ങിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യനും യു.എൽ.സി.സി. ഫൗണ്ടേഷന് വേണ്ടി ഡയറക്ടർ ഡോ. എം.കെ. ജയരാജും ധാരണപത്രത്തിൽ ഒപ്പ് വെച്ചു. വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, അധ്യാപകരായ പ്രൊഫ ഡോ. ഇ.കെ. സതീഷ്, ഡോ. അപർണ സജീവ്, സി. ഹരികുമാർ, ഡോ. പി. നതാഷ എന്നിവർ പങ്കെടുത്തു.

ഫോക്‌ലോറും ആർട്ടിഫിഷ്യൽ  ഇൻ്റലിജൻസും ദേശീയ സെമിനാറിന് തുടക്കമായി

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് ‘ഫോക്‌ലോർ പഠനത്തിനും ഗവേഷണത്തിലും നിർമിത ബുദ്ധിയുടെ സ്വാധീനവും പങ്കാളിത്വവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. പരീക്ഷാ കൺട്രാളർ ഡോ. പി. സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ഡോ. എം ശ്രീനാഥൻ മുഖ്യപ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, ഫിലോസഫി പഠനവകുപ്പ് മേധാവി ഡോ. സാവിത്രി, ഗവേഷ വിദ്യാർഥിയായ എ. ഷിദിൻ,  ദീപു വിവേക് എന്നിവർ സംസാരിച്ചു. മലയാള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, ഡോ. ശ്രികല മുല്ലശ്ശേരി, ഡോ. പി. വിവേക് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സെന്റർ ഫോർ എൻവിറോൺമെൻ്റൽ ഫിലോസഫി ഡെപിക്ടഡ് ഇൻ വേദിക് ടെക്സ്റ്റസും സെന്റർ ഫോർ ദലിത് ആൻ്റ് ആദിവാസി ഡിസ്കോഴ്‌സും ചേർന്ന് തയ്യാറാക്കിയ പുസ്തകങ്ങൾ മഹാത്മാഗാന്ധി ഇന്റർനാഷണൽ ഹിന്ദി സർവകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപിനാഥൻ പ്രകാശനം ചെയ്തു. പി.എം. ഉഷ പദ്ധതിയുടെ ധനസഹായത്തോടെ – മാനുഷ ജന്മ അനൂപ്, സബാരേ ഉപരേ മാനുഷ് സത്യ, പ്രേംചന്ദ് കാ ചിം ടാ, കവിതാ കി പക്ഷധരത, കവിതാ സേ ബത്കഹി, സന്തോഷ് ഏച്ചിക്കാനം കി ഇക്കീസ് കഹാനിയാം, ബഹുഭാഷികത ബഹുസാംസ്കൃതികത, ഗദ്യ കി സംവേദന – എന്നിങ്ങനെ എട്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയത്. ഇവയിൽ മൗലിക കൃതികളും എഡിറ്റു ചെയ്തവയും വിവർത്തന സാഹിത്യവും ഉൾപ്പെട്ടിട്ടുണ്ട്. പഠനവകുപ്പ് മേധാവിയും സെന്റർ കോ – ഓർഡിനേറ്ററുമായ ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്താണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. ന്യൂഡൽഹിയിലെ രാജ്കമൽ പ്രകാശൻ ആണ് പുസ്തക പ്രസാധകർ. ചടങ്ങിൽ സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പി.എം. ഉഷ സെൽ കോ – ഓർഡിനേറ്റർ ഡോ. രാജീവ് എസ്. മേനോൻ, ഡോ. കെ.എം. മാലതി, ഡോ. സി. ബാലസുബ്രഹ്മണ്യൻ, ഡോ. ധർമ്മേന്ദ്ര പ്രതാപ് സിംഗ്, ഡോ. എം. ഫാത്തിമ ജീം, കേസർ ബെൻ രാജ് പുരോഹിത്, ഡോ. കെ.പി. സുപ്രിയ, ഡോ. വി. ഷിൽന, ഡോ. എ. ശീതൾ, ഡോ. എൻ.എം. ശ്രീകാന്ത്, സ്നേഹ നാലുപുരയ്ക്കൽ, കെ. ജുംന, കെ.കെ. നന്ദന എന്നിവർ സംസാരിച്ചു.

വേനൽക്കാല പരിശീലന ക്യാമ്പ്

കാലിക്കറ്റ് സർവകലാശാലാ കായിക പഠനവിഭാഗത്തിന്റെ കീഴിൽ വർഷംതോറും നടത്തി വരാറുള്ള വേനൽക്കാല പരിശീലന ക്യാമ്പ് ഈ വർഷം ഏപ്രിൽ 06-ന് ആരംഭിക്കും. 06 വയസ് മുതൽ 17 വയസ് വരെയുള്ള സ്കൂൾ കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫുട്ബാൾ, ബാറ്റ്മിന്റൺ, ഹാൻഡ്ബാൾ, വോളിബാൾ, അത്‌ലറ്റിക്‌സ്, സോഫ്റ്റ് / ബേസ്ബാൾ, ഖോ ഖോ, ക്രിക്കറ്റ്, കബഡി, ജൂഡോ, തൈക്വാണ്ടോ, ബാസ്കറ്റ്ബാൾ, റോളർ സ്‌കേറ്റിങ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. സർവകലാശാലയിലെ കായിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സർവകലാശാലയുടെ പരിശീലകർ, അധ്യാപകർ എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ലാഡർ (LADDER) എന്നാണ് ഈ പദ്ധതിക്ക് നൽകിയിട്ടുള്ള പേര്. ഏപ്രിൽ മാസത്തെ പരിശീലന ക്യാമ്പ് ഏപ്രിൽ 06 മുതൽ 30 വരെയും മെയ് മാസത്തെ ക്യാമ്പ് മെയ് 04 മുതൽ 29 വരെയുമാണ്. ഏപ്രിൽ ബാച്ചിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 25-ന് മുൻപായും മെയ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 20-ന് മുൻപായും അപേക്ഷിക്കണം.  നിശ്ചിത മാർതൃകയിൽ പൂരിപ്പിച്ച അപേക്ഷ കായിക പഠനവിഭാഗത്തിലാണ് സമർപ്പിക്കേണ്ടത്.  അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിലും കായിക പഠനവിഭാഗത്തിലും ലഭ്യമാകും. പരിശീലന ക്യാമ്പ് ഫീസ് 800 രൂപ + ജി.എസ്.ടി. ‘SSC 2026’ Summer Coaching Camp 2026 എന്ന പർപ്പസ് കോഡിൽ അടച്ച ചലാൻ രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സർവകലാശാല ടീ-ഷർട്ടും സർട്ടിഫിക്കറ്റും നൽകും.

ഫിലോസഫി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രോഗ്രാമിന് (2025 പ്രവേശനം) ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് പഠനവകുപ്പിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തിട്ടുള്ളവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. – ജെ.ആർ.എഫ്., യു.ജി.സി. – നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം മാർച്ച് 13-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി.ആർക്. (2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025, (2012 സ്‌കീം – 2016 പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിസ്‌ (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബി.വോക്. – ഇസ്ലാമിക് ഫിനാൻസ്, ഫുഡ് ടെക്‌നോളജി (ഫുഡ് പ്രോസസിങ് ആന്റ് സേഫ്റ്റി മാനേജ്മെന്റ്), ഓർഗാനിക് ഫാമിംഗ്, പ്രൊഫഷണൽ അകൗണ്ടിങ് ആന്റ് ടാക്സേഷൻ, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് (CBCSS – 2022, 2023, 2024 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS) വിദൂര വിഭാഗം (2021 പ്രവേശനം), പ്രൈവറ്റ് രജിസ്‌ട്രേഷൻ (2022 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top