Section

malabari-logo-mobile

വൈക്കത്ത് പെരിയാര്‍ സ്മാരകം പുനരുദ്ധാരണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ 8.14 കോടി

HIGHLIGHTS : 8.14 crore from the Tamil Nadu government for the restoration of Vaikath Periyar Memorial

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീളുന്ന ആഘോഷമായി കൊണ്ടാടാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വൈക്കത്തുള്ള ഇ.വി. രാമസാമി എന്ന തന്തൈ പെരിയാറിന്റെ സ്മാരകം പുനരുദ്ധരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 8.14 കോടി രൂപ അനുവദിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വെള്ളിയാഴ്ച തമിഴ്നാട് നിയമസഭയില്‍ പ്രഖ്യാപിച്ചു.

വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാര്‍ സ്മാരകം നിര്‍മ്മിക്കും. വൈക്കം സമരത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും. വൈക്കം സമരത്തെക്കുറിച്ച് പഴ അത്തിയമാന്‍ രചിച്ച പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിക്കും. ഇത് ഇംഗ്ലീഷ്, തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറക്കും. ഇതിനു പുറമേ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 17ന് സാമൂഹിക നവോത്ഥാന രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ‘വൈക്കം അവാര്‍ഡ്’ ഏര്‍പ്പെടുത്തും.

sameeksha-malabarinews

ഈ വര്‍ഷം നവംബര്‍ 29ന് ഇതോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം പകരാനായി തമഴ്നാട്ടിലെ സര്‍വകലാശാലകളിലും കോളജുകളിലും പ്രബന്ധ രചനാ മത്സരം, പ്രസംഗ മത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കും. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജു വരുന്ന പുസ്തകം തമിഴ്നാട് ടെക്റ്റ്ബുക്ക് ആന്‍ഡ് എജുക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും.

വൈക്കം സത്യഗ്രഹത്തെക്കുറിച്ച് വിദഗ്ദ്ധരുടെ കുറിപ്പുകള്‍ ശതാബ്ദി സുവനീയറിന്റെ ഭാഗമായി ‘തമിഴ് അരശ്’ മാസികയില്‍ പ്രസിദ്ധീകരിക്കും. വൈക്കം സത്യഗ്രഹത്തിലെ മുന്നണിപ്പോരാളിയായി തന്തൈ പെരിയാറെ വിശേഷിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്നാട് നിയമസഭാ ചട്ടം 110 പ്രകാരം വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി പ്രമാണിച്ച് വെള്ളിയാഴ്ച സഭയില്‍ നടത്തിയ പ്രഖ്യാപനങ്ങളെ ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായി തമിഴ്നാട് മുഖ്യമന്ത്രി വൈക്കം സമരത്തെ വിശേഷിപ്പിച്ചു. പില്‍ക്കാലത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ക്കും മാതൃകയായത് വൈക്കം സത്യാഗ്രഹത്തിന്റെ വിജയമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യഗ്രഹത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെത്തിയ പെരിയാര്‍ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെടുകയും അരൂക്കുറ്റി പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജയിലിലും മാസങ്ങള്‍ തടവില്‍ കഴിയേണ്ടിവന്നതും തമിഴ്നാട് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!