മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിച്ചു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ 2375 കിലോമീറ്റര്‍ റോഡുകളാണുള്ളത്. അതില്‍ 1722 കിലോമീറ്റര്‍ റോഡുകള്‍ ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിക്കാന്‍ ചെലവ് കൂടുതലാണെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ഇതിന് ഉദാഹരണമാണ് ജില്ലയിലെ വിവിധ റോഡുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകള്‍ ഇത്തരത്തില്‍ നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റോഡുകളുടെ നിര്‍മാണത്തിന് തുക ചെലവഴിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ നയം. അതിനാണ് നിര്‍മാണം പൂര്‍ത്തിയായ റോഡുകള്‍ക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.
കൂടാതെ റോഡുകളുടെ പരിപാലനത്തിന് കൃത്യമായ മാനദണ്ഡം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിച്ച റോഡിന് മൂന്ന് വര്‍ഷവും അല്ലാത്ത റോഡുകള്‍ക്ക് രണ്ട് വര്‍ഷവുമാണ് പരിപാലന കാലാവധി. റോഡ് നിര്‍മാണത്തിന് മുമ്പ് കരാറുകാരന്‍ അടച്ച ഡെപ്പോസിറ്റ് തുക പരിപാലന കാലാവധി കഴിഞ്ഞാല്‍ മാത്രമെ തിരിച്ചു നല്‍കുകയൊള്ളു. എന്നാല്‍ കാലാവധി കഴിഞ്ഞ റോഡുകള്‍ പരിപാലിക്കുന്നതിനായി ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കരാര്‍ സംവിധാനമാണ് റണ്ണിങ് കോണ്‍ട്രാക്ട്. പരിപാലന കാലാവധി വരെ കരാറുകാരനും അതിന് ശേഷം ഒരു വര്‍ഷത്തേയ്ക്ക് ടെന്‍ഡര്‍ എടുത്ത കരാറുകാരനും അത് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തേയ്ക്ക് വീണ്ടും ടെന്‍ഡര്‍ എടുത്ത കരാറുകാരനുമാണ് പരിപാലന ചുമതല. ഈ വിവരങ്ങള്‍ എല്ലാം പരസ്യപ്പെടുത്തി കരാറുകാരന്റെ ഫോണ്‍ നമ്പര്‍ സഹിതമുള്ള പുതിയ ബോര്‍ഡുകള്‍ ബി.എം ആന്‍ഡ് ബി.സി ചെയ്ത് നവീകരിച്ച റോഡുകള്‍ക്ക് സമീപം സ്ഥാപിക്കുന്നുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് ഇടപെടാന്‍ സഹായിക്കുന്നതാണ്. ഇതിലും മലപ്പുറം ജില്ല ഏറെ മുന്നിലാണ്. ജില്ലയിലെ 2375 കിലോമീറ്റര്‍ റോഡില്‍ 2203 റോഡുകളും റണ്ണിങ് കോണ്‍ട്രാക്ട് വഴി നവീകരിച്ചതാണ്. അതായത് 93 ശതമാനം. 145 കിലോമീറ്റര്‍ റോഡുകളില്‍ റണ്ണിങ് കോണ്‍ട്രാക്ട് പ്രവര്‍ത്തിക്കാന്‍ 6.55 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് വലിയ രീതിയില്‍ പരിപാലന നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകരമാക്കി.

സര്‍ക്കാര്‍ റെസ്റ്റ്ഹൗസില്‍ ഓണ്‍ലൈന്‍ ബുക്കിങ് രീതിയിലേക്ക് മാറ്റിയതോടെ ഒന്നര വര്‍ഷം കൊണ്ട് 8.81 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാറിന് നേടാനായത്. ഇതില്‍ മലപ്പുറം ജില്ലയിലെ 18 റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തിയത് 10,831 ആളുകളാണ്. 56,99,968 രൂപയാണ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം ലഭിച്ചത്.

എന്‍.എച്ച് 66ന്റെ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് ചെലവഴിച്ചത്. ദേശീയപാത നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്ലരീതിയിലാണ് സഹകരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ തന്നെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം 300 കോടിയിലേറെ രൂപയാണ് സ്ഥലമേറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.

റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നിര്‍മ്മാണത്തിനു മുന്‍പ് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

മലബാറിലെ ടൂറിസത്തിന് കരുത്ത് പകരാന്‍ മെച്ചെപ്പെട്ട താമസ സൗകര്യവും റോഡ് സൗകര്യവും ഉറപ്പുവരുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിന് കക്ഷി രാഷ്ട്രീയ ദേദമന്യെ നല്ല സഹകരണം ലഭിക്കുന്നുണ്ട്. ജില്ലയിലെ ടൂറിസം മെച്ചപ്പെടുത്താന്‍ പ്രത്യേക യോഗം ആഗസ്റ്റ് മാസത്തില്‍ ചേരും. ആദ്യം ടൂറിസം വകുപ്പിന്റെ യോഗവും തുടര്‍ന്ന് ജനപ്രതിനിധികളുടെ യോഗവുമാണ് ചേരുക. ശേഷം കര്‍മ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കും. നിലവില്‍ ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബീച്ച് ടൂറിസം വികസിപ്പിക്കാനായി ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ളവ സ്ഥാപിക്കുന്നുണ്ട്. ഇത് കൂടുതല്‍ വിനോദ സഞ്ചാരികളെ മലബാര്‍ മേഖലയെ ആകര്‍ഷിക്കാന്‍ കാരണമാകും. മേല്‍പ്പാലങ്ങളുടെ താഴ്ഭാഗത്ത് ഷട്ടില്‍ കോര്‍ട്ട്, ടര്‍ഫ് ഗ്രൗണ്ട് തുടങ്ങിയവ സ്ഥാപിക്കാനുള്ള പദ്ധതി സര്‍ക്കാറിന്റെ മുന്നിലുണ്ട്. സംസ്ഥാനത്ത് എറണാംകുളം, കൊല്ലം ജില്ലയില്‍ രണ്ട് പൈലറ്റ് പദ്ധതികള്‍ നടപ്പാക്കും. ജില്ലയിലും ഈ സാധ്യത ഉപയോഗപ്പെടുത്തും.

ട്രക്കിങ് സാധ്യതയുള്ള മലയോര മേഖലകളില്‍ ടൂറിസത്തിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കിമെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top