Section

malabari-logo-mobile

53 -ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ജെ.സി ഡാനിയല്‍ അവാര്‍ഡ് ടി. വി ചന്ദ്രനും ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാമപ്രസാദും ഏറ്റുവാങ്ങി

HIGHLIGHTS : 53rd State Film Awards; JC Daniel Award T. V Chandran and Shyama Prasad received the Television Lifetime Achievement Award

സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വര്‍ഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ് കേരളം എന്ന യഥാര്‍ഥ പ്രതിച്ഛായ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇവിടത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചാല്‍ അത് നാടിനു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

53-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (2022) വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരം കനകക്കുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ കലാവിഷ്‌ക്കാരം എന്ന നില വിട്ട് ആശയപ്രചാരണത്തിന് കൂടി സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. ആശയപ്രചാരണം കാലത്മകമാണെങ്കില്‍ തെറ്റില്ല. എന്നാല്‍ ഏതുതരത്തിലുള്ള ആശയങ്ങള്‍ എന്ന ചോദ്യം പ്രസക്തമാണ്.

sameeksha-malabarinews

നാടിനെയും കാലത്തെയും മുന്നോട്ടു നയിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. എം.ടിയുടെ ‘നിര്‍മ്മാല്യം’ പോലുള്ള സിനിമകള്‍ ആ ഗണത്തില്‍ വരുന്നതാണ്. എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ അധികം കാണാനാകുന്നില്ല. അന്ധകാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം എന്ന നിലയില്‍ സിനിമയെ ഉപയോഗിക്കുന്ന പ്രവണത കാര്യമായി കാണാനുണ്ട് താനും. ഇതിനു വര്‍ധിച്ച ശക്തി കൈവരുന്ന കാലന്തരീക്ഷം ദേശീയതലത്തില്‍ നിലനില്‍ക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരാചാരങ്ങളെയും ജാതി ജീര്‍ണതകള്‍ അരക്കിട്ടുറപ്പിക്കുന്ന ഭൂപ്രഭു സംസ്‌കാരങ്ങളെയും മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നു. ചാതുര്‍വര്‍ണ്യം തിരിച്ചുവരുന്നതിനെ സ്വീകരിക്കാന്‍ ജനമനസ്സുകളെ പാകപ്പെടുത്തുന്ന വിധമുള്ള സിനിമകള്‍ ഉണ്ടാകുന്നു. സ്ത്രീ ശാക്തീകരണത്തെ നിര്‍വീര്യമാക്കി ആണാധികാരത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നു. സമൂഹം ഏതൊക്കെ ഇരുട്ടിനെ മറികടന്നാണ് മുന്നോട്ടു വന്നിട്ടുള്ളത്, ആ കാലവും അതിന്റെ ജീര്‍ണതകളും ആണ് വാഴ്ത്തപ്പെടേണ്ടത് എന്ന നിലയ്ക്കുള്ള ജനസമ്മതി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നു. ദുര്‍മന്ത്രവാദവും നരബലിയും വരെ വാഴ്ത്തപ്പെടുന്ന സിനിമകള്‍ ഉണ്ടാകുന്നു.

ദേശീയതലത്തില്‍ തന്നെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ അന്ധകാരം പടരുകയാണോ എന്ന ആശങ്ക വലിയതോതില്‍ ഉയര്‍ന്നുവരികയാണ്. ഈ ഇരുട്ടിന്റെ നടുക്കടലില്‍ വെളിച്ചത്തിന്റെ ദ്വീപ് പോലെ നില്‍ക്കുകയാണ് കേരളം. സ്നേഹവും സമഭാവനയും മതനിരപേക്ഷതയും നിലനില്‍ക്കുന്ന കൊച്ചു ദ്വീപ്. നന്മയുള്ള ഈ നാടിനെ കളങ്കപ്പെടുത്തി അവതരിപ്പിക്കാന്‍ കൂടി സിനിമ എന്നാല്‍ മാധ്യമം കഴിഞ്ഞകൊല്ലം ഉപയോഗിക്കപ്പെട്ടു. കേരളത്തിന്റെ കഥ എന്ന പേരില്‍ കേരളത്തിന്റെതല്ലാത്ത കഥ സിനിമ എന്ന മാധ്യമം വഴി ചിലര്‍ പ്രചരിപ്പിച്ചു.

സാമുദായിക ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ശത്രുപക്ഷത്ത് ആക്കാന്‍ ഉദ്ദേശിക്കപ്പെട്ട ഒരു സിനിമയാണത്. അതിനെ സിനിമ എന്ന് വിളിക്കുന്നത് പോലും ശരിയല്ല. യഥാര്‍ഥത്തില്‍ അത് ഒരുതരം പ്രചാരണ ആയുധമാണ്, മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ല; കാശ്മീരിന്റെ ഫയലുകള്‍ എന്നു പറഞ്ഞ് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന മറ്റൊരു സിനിമയും ഇതേ ഘട്ടത്തില്‍ ഉണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് പ്രശസ്ത സംവിധായകന്‍ ടി.വി ചന്ദ്രനും ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ശ്യാമപ്രസാദും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച സിനിമയായ ‘നന്‍പകല്‍ നേരത്തു മയക്ക’ത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മാതാവ് സന്തോഷ് ടി. കുരുവിള, മികച്ച സംവിധായകന്‍ മഹേഷ് നാരായണന്‍, മികച്ച നടി വിന്‍സി അലോഷ്യസ്, മികച്ച നടനായ മമ്മൂട്ടിക്ക് വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടനുള്ള ജൂറി പുരസ്‌കാരം പങ്കിട്ട കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍ ലോപസ്, ‘ന്നാ താന്‍ കേസുകൊട്’ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, തുടങ്ങിയവര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ സ്വീകരിച്ചു.

ആകെ 35 വിഭാഗങ്ങളിലായി 47 പുരസ്‌കാരങ്ങള്‍ ആണ് വിതരണം ചെയ്തത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു ഗുണത്തിലും എണ്ണത്തിലും മലയാളസിനിമ വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അവാര്‍ഡുകള്‍ തെളിയിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു, ജൂറി ചെയര്‍മാന്‍ ഗൗതം ഘോഷ്, വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, മധുപാല്‍, സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പി ഭാസ്‌കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു ‘ഹേമന്തയാമിനി’ എന്ന സംഗീതനിശ അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!