Section

malabari-logo-mobile

ആ മാങ്കോസ്റ്റിന്‍ മരത്തില്‍ കൂടുകൂട്ടുന്ന കാറ്റില്‍ സുല്‍ത്താന്‍ വന്നെത്തുക തന്നെ ചെയ്യും

HIGHLIGHTS : 29th death anniversary of Muhammad Basheer

കുഞ്ഞു പാത്തുമ്മയുടെ ലാത്തിരി, മുണ്ങ്ങി എന്നീ പ്രയോഗങ്ങള്‍ തിരുത്തിക്കൊണ്ടാണ് ആയിഷ വരുന്നത്. ‘ലാത്തിരി അല്ല ബുദ്ധൂസെ രാത്രി’ എന്നും ‘മുണ്ങ്ങി അല്ല വിഴുങ്ങി’ എന്നും ആയിഷ തിരുത്തുന്നു.
ഈ തിരുത്ത് നവോത്ഥാനത്തിന്റെ തിരുത്തായിരുന്നു എന്നും ആ തിരുത്തിലൂടെ ഒരു സമുദായം മാത്രമല്ല ഒരു നവലോകം തന്നെ നടുനിവര്‍ത്തുന്നു എന്നും നമുക്ക് ഇന്നറിയാം.

മാനക മലയാളം തെളിനീര്‍ച്ചാല്‍ പോലെ അത്രമേല്‍ സുന്ദരവും ലളിതമായും വ്യക്തമായും ഉപയോഗിച്ച ഒരു മനുഷ്യനെയാണ് പ്രാദേശിക ഭാഷയുടെ മാത്രം വക്താവായി നമ്മുടെ പൊതുബോധം ആഘോഷിച്ചത്.

sameeksha-malabarinews

എന്തിനെയും വിപരീത യുക്തികളില്‍ പഠിച്ചു പോയതു കൊണ്ട് പ്രാദേശിക ഭാഷയുടെ സൌന്ദര്യം എഴുത്തില്‍ ഉപയോഗിക്കുന്ന ഒരാള്‍ മാനകഭാഷയുടെ ശത്രു ആവണമെന്നത് നമുക്ക് നിര്‍ബന്ധമാണ്. ഈ നിര്‍ബന്ധത്തെ ബഷീര്‍ സര്‍ഗാത്മകമായി മറികടക്കുകയും പ്രാദേശിക / മാനക ഭാഷകള്‍ക്കിടയില്‍ ഒരു സമന്വയ ഭാവുകത്വം സാധ്യമാക്കുകകയും ചെയ്തു.

അത് പാരമ്പര്യവും പുതുലോകവും തമ്മിലുള്ള സമന്വയം കൂടിയാണ്. പാരമ്പര്യം ഉപ്പൂപ്പയുടെ ആനയുടെ തറവാടിത്ത പ്രഘോഷണത്തിന്റേതല്ല, കുഞ്ഞു പാത്തുമ്മയുടെ പ്രകൃതിബോധത്തിന്റെതാണ്. അത് അട്ടയോടും വാരലിനോടും കിളിയോടും സംസാരിക്കുന്നു. കുഞ്ഞിക്കിളിയെ കൂട്ടിലെത്തിച്ചു തള്ളക്കിളിയുടെ കൊത്തേറ്റ് മു/അറിവിന്റെ നിര്‍വൃതി അറിയുന്നു.

പ്രകൃതി / പുരുഷ സങ്കല്പത്തിലെ പ്രകൃതി തന്നെയാണ് കുഞ്ഞു പാത്തുമ്മ. ആ പ്രകൃതിയില്‍ ഒരേ സമയം ഇടപെടുകയും വിലയം പ്രാപിക്കുകയും ചെയ്യുന്ന പുരുഷനാണ് നിസാര്‍ അഹമ്മദ്. ദുരന്തവും ദുഃഖകരവുമെങ്കിലും പ്രകൃതിയില്‍ നിന്നുമുളള വിച്ഛേദവും അന്യവല്‍ക്കരണവും മനുഷ്യ ജീവിതത്തില്‍ അനിവാര്യമാണ്. പക്ഷെ, ആ വിച്ഛേദത്തിന്റെ അളവും ആഘാതവും കുറച്ചു പ്രകൃതി യോടുള്ള സമന്വയ സാധ്യത തേടുന്നു, ബഷീറിന്റെ മനുഷ്യന്‍. അതാണ് ബഷീറിന്റെ മതം.അതായിരുന്നു അദ്ദേഹത്തിന് ആത്മീയത. ‘വാടിക്കരിയാന്‍ പോവുന്ന ഒരു ചെടിക്ക് വെള്ളമൊഴിക്കലാണ് തന്റെ പ്രാര്‍ഥന’ എന്നദ്ദേഹം പറയുന്നുണ്ട്.
ഇത് തിരിച്ചറിയുന്നതില്‍ ആത്മീയ തത്ത്വങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കി ശീലിച്ച സാമ്പ്രദായികമതബോധവും യാന്ത്രികയുക്തിവാദത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച വായനാശീലങ്ങളും ഒരേപോലെ പരാജയപ്പെട്ടു.

പ്രകൃതിയോടുള്ള (സ്ത്രീയോടും) സമന്വയത്തെ സമരമായി വ്യാഖ്യാനിച്ച പുരുഷന്റെ ‘ബലാല്‍സംഗയുക്തി’കളാണ് മണ്ണിലും പെണ്ണിനും ഒരേ പോലെ സംഘര്‍ഷങ്ങള്‍ മാത്രം സമ്മാനിക്കുന്നത്. മുതലാളിത്ത ആധുനികതയുടെ സൃഷ്ടിയായ ഈ മനുഷ്യ/ പുരുഷ സങ്കല്‍പ്പങ്ങള്‍ തന്നെയാണ് വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഫാസിസ്റ്റായി രൂപാന്തരപ്പെടുന്നത്. സമുദായ മതില്‍ക്കെട്ടുകള്‍ ഭേദിച്ച ആകാശ മിട്ടായികളുടെ സ്‌നേഹം കൊണ്ട് എല്ലാ സങ്കുചിതത്വങ്ങളെയും അതിജീവിക്കാമെന്ന് കാണിച്ചു. ആത്മാവില്‍ സ്വതന്ത്രരായ മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സാധ്യമല്ലെന്നു തെളിയിച്ചു.

‘മാതാവേ അല്പം ശുദ്ധജലം തന്നാലും ‘എന്ന അബ്ദുല്‍ ഖാദറിന്റെ അപേക്ഷയെ തവി കൊണ്ട് ഒരു അടി കൊടുത്താണ് ഉമ്മ നേരിടുന്നത്.

അടി ഉജഋജ അനന്തര കാലത്തേ കുട്ടികളും അധ്യാപകരും കരുതും പോലെ അത്ര മോശം കാര്യമൊന്നുമല്ല. അത് ഒരു നിശ്ചലാവസ്ഥ മറികടക്കാന്‍ നമ്മെ സഹായിക്കുന്നു. സുഖകരം ആയ സുഷുപ്തിയില്‍ നിന്നും ചിന്താപരമായ ഒരു ജാഗ്രതയിലേക്ക് അത് നമ്മെ ഉയര്‍ത്തുന്നു. വ്യാകരണമല്ല, മനുഷ്യത്വത്തിന്റെ ആര്‍ദ്രതയാവണം അധ്യാപനത്തിന്റെ ഉറവയെന്ന് ആ ഉമ്മ മകനെ പഠിപ്പിച്ചു.

അങ്ങനെ ഒരടിയായിരുന്നു ‘ശബ്ദങ്ങള്‍’. സ്ത്രീക്കും പുരുഷനും ഇടയില്‍ മൂന്നാമൊതൊരു ലൈംഗികാസ്തിത്വത്തില്‍ ചാഞ്ചാടുന്ന മനുഷ്യരെക്കുറിച്ചുള്ള ആ തുറന്നെഴുത്ത് നമ്മുടെ സദാചാരസങ്കല്പങ്ങളെയും ജീവിത ബോധത്തെയും പ്രകോപനപരമായി ഉണര്‍ത്തി.

സാമൂഹ്യ ജീവിതവും അതിജീവന സമരങ്ങളും തീവ്രനിറങ്ങളില്‍ ആവിഷ്‌കരിച്ച ആദ്യകാല ജീവല്‍സാഹിത്യം വേലിയിറങ്ങി പിന്‍വലിഞ്ഞു തുടങ്ങിയ കാലത്താണ് ബഷീറിന്റെ രചനാ ലോകം പുഷ്‌കലമാകുന്നത്. അതുകൊണ്ട് ജീവല്‍ സാഹിത്യകാരന്മാരെപ്പോലെ നവോത്ഥാനം ഭാവനയില്‍ വെടിയുപ്പ് നിറയ്ക്കുന്ന ഒരു കിനാവായിരുന്നില്ല ബഷീറിന്, നിറം മങ്ങിയ യാഥാര്‍ഥ്യമായിരുന്നു. അതുകൊണ്ട് അതിന്റെ സാധ്യതകള്‍ എന്ന പോലെ സംഘര്‍ഷങ്ങളും ബഷീര്‍ ആവിഷ്‌കരിച്ചു.

നവോത്ഥാനം പുറത്തു നിര്‍ത്തിയ ഇരുണ്ട ഇടങ്ങളില്‍ ആനവാരി രാമന്‍നായരും മുച്ചീട്ട് കളിക്കാരനും പൊന്‍ കുരിശു തോമയും ഉണ്ടായിരുന്നു. സമൂഹം ഒരു മാര്‍ഗ്ഗവും വ്യക്തി അതിന്റെ ലക്ഷ്യവുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ബഷീര്‍ ഒരു നവോത്ഥാന സാഹിത്യകാരന്‍ മാത്രമല്ല, നവോത്ഥാനത്തിന്റെ പരിമിതികളെയും പിളര്‍പ്പുകളെയും തിരിച്ചറിഞ്ഞ എഴുത്തുകാരനാണ്.

മരിച്ചാല്‍ തനിക്ക് തണലു തന്ന മാങ്കോസ്റ്റിന്റെ വേരുകള്‍ക്ക് വളമാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മതേതര / നവോത്ഥാന കേരളത്തിന് ആ ആഗ്രഹം നിറവേറ്റി കൊടുക്കാനായില്ല.
എങ്കിലും ആ മാങ്കോസ്റ്റിന്‍ മരത്തില്‍ കൂടുകൂട്ടുന്ന കാറ്റില്‍, തളിരിടുന്ന ഇലകളില്‍ ബഷീര്‍ വന്നെത്തുക തന്നെ ചെയ്യും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!