നാടിന്റെ വളര്‍ച്ചയുടെയും നേട്ടങ്ങളുടെയും ആവിഷ്‌കാരവുമായി 25 പ്രദര്‍ശനങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്റെ വളര്‍ച്ചയുടെയും നയങ്ങളുടെയും നേട്ടങ്ങളുടെയും സര്‍ഗാത്മകമായ ആവിഷ്‌കാരവുമായി ഇരുപത്തഞ്ച് ക്യൂറേറ്റഡ് പ്രദര്‍ശനങ്ങള്‍ കേരളീയം എക്സിബിഷന്റെ ഭാഗമായി വിവിധ വേദികളില്‍ ഒരുങ്ങുന്നു.കേരളത്തിന്റെ പുരോഗമന നയങ്ങളും വികസനവും ലോകത്തിനു സമ്മാനിച്ച സുസ്ഥിരമാതൃകകളുടെ നേര്‍ സാക്ഷ്യങ്ങള്‍, വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും,സ്ത്രീ-ചരിത്രം,മാധ്യമങ്ങള്‍, ഫോട്ടോഗ്രഫി,ദൃശ്യകലകള്‍,ഐ.ടി-സ്റ്റാര്‍ട്ടപ്പ്, നൂതന-നൈപുണ്യ വികസനങ്ങള്‍,വിനോദസഞ്ചാരം തുടങ്ങി 25 പ്രദര്‍ശനങ്ങളാണ് കേരളീയത്തിലെ 16 വേദികളിലായി ഒരുങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ആര്‍.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളീയത്തിലെ പ്രധാനആകര്‍ഷണമായ എക്സിബിഷനുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളീയത്തിന്റെ മുഖ്യ തീമായ ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായ നാല് ഇന്‍സ്റ്റലേഷനുകളും പലവേദികളിലും ഉണ്ടാകും.
വ്യാവസായിക വൈഭവവും അത്യാധുനിക സാങ്കേതികവിദ്യ,സുസ്ഥിര സമ്പ്രദായങ്ങള്‍, ക്രിയാത്മകമായ കണ്ടുപിടുത്തങ്ങള്‍ എന്നിവയുടെ കേന്ദ്രമായി മാറുന്നതിലേക്കുള്ള സംസ്ഥാനത്തിന്റെ വളര്‍ച്ചയും ജനങ്ങളിലേക്ക് എത്തിക്കുന്ന ‘ബിസ് കണക്ട്’ എന്ന പേരിലുള്ള വ്യവസായ പ്രദര്‍ശനം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കും.

പുരോഗമന നയങ്ങളും വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളും സാമൂഹിക- സാമ്പത്തിക, അടിസ്ഥാനസൗകര്യ രംഗങ്ങളിലെ മികച്ച വികസനമാതൃകകളും ദൃശ്യമായും സംവേദനാത്മകമായും അവതരിപ്പിക്കുന്ന പ്രദര്‍ശനം ഒരുക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്.കേരളത്തിലെ കരകൗശല ഗ്രാമങ്ങളുടെ മാതൃകയുടെ പ്രദര്‍ശനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം ലോകത്തിനു സമ്മാനിച്ച സുസ്ഥിര മാതൃകകളുടെ വീഡിയോ പ്രദര്‍ശനം റീല്‍സ് ഓഫ് ചെയ്ഞ്ച് എന്ന പേരില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സാപിയന്‍സ് 2023 എന്ന പേരില്‍ കേരളത്തിന്റെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥാ രംഗത്തെ പുരോഗതിയും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പ്രദര്‍ശനം യൂണിവേഴ്സിറ്റി കോളജിലും ഒരുക്കും.കേരള സ്ത്രീകളുടെ പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും ദൃശ്യ വിവരണവും സര്‍ക്കാരിന്റെ സ്ത്രീപക്ഷ സമീപനങ്ങളുടെ ആവിഷ്‌കാരങ്ങളും അടങ്ങുന്ന ‘പെണ്‍കാലങ്ങള്‍’ എന്ന പ്രദര്‍ശനം അയ്യന്‍ങ്കാളി ഹാളില്‍ നടക്കും.
കേരളത്തിന്റെ ഐ.ടി.,സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നേട്ടങ്ങളും വികാസങ്ങളും അവതരിപ്പിക്കുന്ന എക്സിബിഷന്‍, ദ് സൈബര്‍ സിംഫണി കനകക്കുന്നില്‍ നടക്കും.25 മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും.സാംസ്‌കാരിക സാങ്കേതിക മേഖലകളിലെ കേരളത്തിന്റെ നൈപുണ്യ വൈവിധ്യത്തിന്റെയും അറിവുകളുടെയും പ്രദര്‍ശനവും കനകക്കുന്നില്‍ നടക്കും.

കേരളത്തിലെ മാധ്യമപുരോഗതിയുടെ നാള്‍വഴികള്‍, വാര്‍ത്താ നിമിഷങ്ങള്‍,വികസനത്തിന്റെ അതുല്യ വഴികള്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്ന പ്രദര്‍ശനങ്ങളും അന്തര്‍ദേശീയ ഫോട്ടോ പ്രദര്‍ശനവും മാധ്യമ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ടാഗോര്‍ തിയേറ്ററില്‍ നടക്കും.
ഭിന്നശേഷിയുള്ള വ്യക്തികളുടെ ദൃശ്യഭാഷ ഉയര്‍ത്തിക്കാട്ടുന്ന കലാസൃഷ്ടികള്‍,ഓട്ടിസം ബാധിതരുടെ കാഴ്ചപ്പാടുകളിലൂടെ ലോകത്തെ വരച്ചു കാട്ടുന്ന ബോസ് കൃഷ്ണമാചാരി ഒരുക്കുന്ന പ്രദര്‍ശനം ടാഗോര്‍ തിയേറ്റര്‍ ഔട്ട്ഡോര്‍ പവിലിയനില്‍ നടക്കും. കൂടാതെ ഗോഡ്‌സ് ഓണ്‍ എന്ന പേരില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ മികവ് സംബന്ധിച്ച എക്‌സിബിഷന്‍ ഉണ്ടാകും
ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്യുന്ന സമകാലിക മലയാളി കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കോണ്ടെക്ച്വല്‍ കോസ്‌മോളജി എന്ന വിഷ്വല്‍ ആര്‍ട്‌സ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത് ഫൈന്‍ ആര്‍ട്‌സ് കോളേജിലാണ്.കേരളത്തിലെ കരകൗശല ഗ്രാമങ്ങളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക തനിമയും വൈവിധ്യവും സംബന്ധിച്ച എക്‌സിബിഷനുകള്‍ ഒരുക്കുന്നത് സാംസ്‌കാരിക വകുപ്പിന്റെ വിവിധസ്ഥാപനങ്ങളാണ്. ചലച്ചിത്ര അക്കാദമി,കെ. എസ്.എഫ്.ഡി.സി.,ലളിതകലാ അക്കാദമി,ഫോക്ലോര്‍ അക്കാദമി,പൈതൃക കേന്ദ്രം, ഗുരുഗോപിനാഥ് നടനഗ്രാമം,കേരള ചലച്ചിത്ര വ്യവസായ കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ കനകക്കുന്ന് പാലസിന് ചുറ്റും എക്‌സിബിഷന്‍ സംഘടിപ്പിക്കും. വജ്രജൂബിലി ഫെല്ലോഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഒരു സ്റ്റാളും സജ്ജീകരിക്കും. അടിസ്ഥാനസൗകര്യ വികസനം വിഷയമാക്കി കിഫ്ബി ഒരുക്കുന്ന എക്‌സിബിഷന്‍ കിഫ്ബിയുടെ ഓഫീസ് സമുച്ചയത്തില്‍ ഒരുക്കും ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്യുന്ന ഭിന്നശേഷിയുള്ള വ്യക്തികളുടെ കലാസൃഷ്ടികള്‍ ടാഗോര്‍ തിയറ്ററിന്റെ ഔട്ട്‌ഡോര്‍ പവലിയനിലും ടാഗോര്‍ തീയറ്ററില്‍ തന്നെ ബോസ് കൃഷ്ണമാചാരിയുടെ കേരളത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യം സംബന്ധിച്ച ഫോട്ടോ പ്രദര്‍ശനം സംബന്ധിച്ച എക്‌സിബിഷനും നടക്കും.

ദുരന്ത നിവാരണ അതോറിറ്റി ഒരുക്കുന്ന പ്രദര്‍ശനം കെ.എസ്.ഡി.എം.എയുടെ ഓഫീസില്‍ നടക്കും. കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങള്‍ ഒരുക്കുന്ന പ്രദര്‍ശനങ്ങളും എക്‌സിബിഷന്റെ ഭാഗമായി ഉണ്ടാകും. സമകാലീന കലാകാരികള്‍ മാനവീയം വീഥിയില്‍ ചുവര്‍ ചിത്രങ്ങള്‍ ഒരുക്കുന്ന പ്രദര്‍ശനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.കൂടാതെ പ്രശസ്ത ശില്‍പികളായ ജീവന്‍ തോമസ് ഒരുക്കുന്ന അഞ്ച് ഇന്‍സ്റ്റലേഷനുകള്‍,ഉണ്ണി കാനായിയുടെ രണ്ടു ശില്‍പങ്ങള്‍,എം.വിനോദിന്റെ രണ്ടു ശില്‍പങ്ങള്‍ എന്നിവ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിക്കും.
ജല സംരക്ഷണം തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ള നാല് ഇന്‍സ്റ്റലേഷനുകള്‍ സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്,പുത്തരിക്കണ്ടം എന്നിവിടങ്ങളില്‍ ഉണ്ടാകും.ഈ ഇന്‍സ്റ്റലേഷനുകള്‍ക്കു പുറമേ തിരുവനന്തപുരം നഗരത്തിന് അകത്തും പുറത്തും തിരുവനന്തപുരം,നെടുമ്പാശേരി,കരിപ്പൂര്‍,കണ്ണൂര്‍ വിമാനത്താവളങ്ങളിലും കേരളീയം സംബന്ധിച്ച 20 ഇന്‍സ്റ്റലേഷനുകള്‍ ഒരുങ്ങും.പ്ലാനറ്റ് മലയാളം ഭൂമി മലയാളം എന്ന പേരില്‍ കേരളത്തിന്റെ പൊതു സ്മാരകങ്ങള്‍ പ്രദര്‍ശന സങ്കേതങ്ങള്‍ എന്നിവ കാലികമാക്കുന്നതും അന്തര്‍ദേശീയ ധാരയില്‍ എത്തിക്കുന്നതും സംബന്ധിച്ച് തയ്യാറാക്കുന്ന ആര്‍ട് ഡോക്യൂമെന്റേഷന്‍ പദ്ധതിയും കേരളീയത്തിന്റെ ഭാഗമാണ്.
ഡി.കെ. മുരളി എം.എല്‍.എ,മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു,ഐ, പി ആര്‍ ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് എന്നിവരും മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top