
വളാഞ്ചേരി:വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നു വയസ്സും അഞ്ചു വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വീടിനു ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. വിദേശത്തായിരുന്ന കുടുംബം നാലഞ്ചു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയില്‍ നേരിട്ട് ശരീരത്തില്‍ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്നു വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബുധനാഴ്ചയോടെ ഇവ വലുതായി വന്നതിനെ തുടര്‍ന്ന് കുട്ടികളെ വളാഞ്ചേരി വൈക്കത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവമറിഞ്ഞ് ആശാ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കുട്ടികളുടെ വീട് സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. വിദേശത്തു നിന്നും എത്തിയ കുട്ടികളായതിനാല്‍ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം പൊള്ളലിന്റെ ആഘാതം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.




