
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് നാളെ (ആഗസ്റ്റ് 22) തിരിതെളിയും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
ആഗസ്റ്റ് 22 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഫെസ്റ്റിവൽ ബുക്ക് മേയർ ആര്യാ രാജേന്ദ്രന് നൽകി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിന്റെ പ്രകാശനകർമ്മം ആന്റണി രാജു എം.എൽ.എ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസിന് നൽകിക്കൊണ്ട് നിർവഹിക്കും. ചടങ്ങിൽ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ ഗുർവിന്ദർ സിംഗ്, നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ രണജിത് റേ, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ കെ. മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ മധുപാൽ, നടിയും ഫിക്ഷൻ വിഭാഗം ജൂറി അംഗവുമായ രാജശ്രീ ദേശ്പാണ്ഡെ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ജനറൽ കൗൺസിൽ അംഗം രവി മേനോൻ എന്നിവർ പങ്കെടുക്കും.
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’പ്രദർശിപ്പിക്കും. 22 പലസ്തീൻ സംവിധായകരുടെ സംരംഭമായ ഈ ചിത്രം ഗാസയിൽ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകൾ പകർത്തുന്നു. ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അനിമേഷൻ ചിത്രങ്ങളുമടങ്ങിയതാണ് ഈ അന്തോളജി. 1994ൽ ‘കർഫ്യൂ’ എന്ന ചിത്രത്തിലൂടെ കാൻ ചലച്ചിത്രമേളയിൽ യുനെസ്‌കോ അവാർഡ് നേടിയ റഷീദ് മഷറാവിയാണ് ഈ ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്. പലസ്തീൻ ജനത നേരിടുന്ന വെല്ലുവിളികൾ, ദുരിതങ്ങൾ എന്നിവയ്ക്കൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും കിരണങ്ങളും ഈ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു. 97ാമത് ഓസ്‌കർ അവാർഡിന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള വിഭാഗത്തിൽ പലസ്തീന്റെ ഔദ്യോഗിക എൻട്രിയായിരുന്നു ‘ഫ്രം ഗ്രൗണ്ട് സീറോ’.
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള 331 ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. മൽസര വിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോർട്ട് ഫിക്ഷൻ, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദർശനം. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാകേഷ് ശർമ്മയുടെ നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, മാസ്റ്റർ ക്ളാസ്, പാനൽ ഡിസ്‌കഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗൽ, ഷാജി എൻ. കരുൺ, സുലൈമാൻ സിസെ, തപൻകുമാർ ബോസ്, തരുൺ ഭാർട്ടിയ, പി.ജയചന്ദ്രൻ, ആർ.എസ് പ്രദീപ് എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിൽ ഉണ്ടായിരിക്കും.
കഥേതര വിഭാഗം ജൂറി ചെയർപേഴ്സൺ ആയി ഡോക്യുമെന്ററി സംവിധായകൻ രണജിത് റേയും കഥാ വിഭാഗം ചെയർപേഴ്സൺ ആയി പഞ്ചാബി സംവിധായകൻ ഗുർവീന്ദർ സിംഗും പ്രവർത്തിക്കും. ജൂറി അംഗങ്ങളുടെ ചിത്രങ്ങൾ മേളയിൽ പ്രത്യേക പാക്കേജ് ആയി പ്രദർശിപ്പിക്കും.
17-ാം മത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ കഥേതര വിഭാഗം ജൂറി ചെയർപേഴ്സൺ ആയി ഡോക്യുമെന്ററി സംവിധായകൻ രണജിത് റേയും കഥാ വിഭാഗം ചെയർപേഴ്സൺ ആയി പഞ്ചാബി സംവിധായകൻ ഗുർവീന്ദർ സിംഗും പ്രവർത്തിക്കും. ജൂറി അംഗങ്ങളുടെ ചിത്രങ്ങൾ മേളയിൽ പ്രത്യേക പാക്കേജ് ആയി പ്രദർശിപ്പിക്കും.
പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രണജിത് റേ ടെലിവിഷൻ രംഗത്തുനിന്നാണ് ഡോക്യുമെന്ററിയിലേക്ക് പ്രവേശിച്ചത്. രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 65-ാംമത് ദേശീയ ചലച്ചിത്ര അവാർഡിൽ ജൂറി അംഗമായിരുന്നു. ‘പുതുൽനാമ ‘എന്ന ഡോക്യുമെന്ററി കൊൽക്കത്ത ചലച്ചിത്രമേളയിലും ഐ.ഡി.എസ്.എഫ്.എഫ്.കെയിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി സംവിധായികമാരായ ഫൈസ അഹമ്മദ് ഖാൻ, റിന്റു തോമസ് എന്നിവരാണ് കഥേതര വിഭാഗത്തിലെ മറ്റ് ജൂറി അംഗങ്ങൾ. ഫൈസയുടെ ‘സൂപ്പർമാൻ ഓഫ് മാലേഗാവ്’ നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. റിന്റു തോമസിന്റെ ‘റൈറ്റിംഗ് വിത്ത് ഫയർ’ ഓസ്‌കറിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയാണ്.
മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകനാണ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ഗുർവീന്ദർ സിംഗ്. ഗോവ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയ ‘അൻഹെ ഘോരെ ദാ ദാൻ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ഇതേ ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ‘ചൗത്തി കൂട്ട്’ എന്ന ചിത്രം മികച്ച പഞ്ചാബി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി. നടിയും സാമൂഹിക പ്രവർത്തകയുമായ രാജശ്രീ ദേശ്പാണ്ഡെ, സംവിധായകൻ മധു സി.നാരായണൻ എന്നിവരാണ് കഥാ വിഭാഗത്തിലെ മറ്റ് അംഗങ്ങൾ. ആംഗ്രി ഇന്ത്യൻ ഗോഡസസ്, സെക്സി ദുർഗ, മന്തോ തുടങ്ങിയവയാണ് രാജശ്രീ ദേശ്പാണ്ഡെയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മധു സി.നാരായണന്റെ’ കുമ്പളങ്ങി നൈറ്റ്സ്’ നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്.
രണജിത് റേയുടെ ‘പുതുൽനാമ’ (ഡോൾസ് ഡോൺട് ലൈ) എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. പാവകളിയുടെ ജനപ്രീതി ഇടിയുന്നതിൽ വേദനിക്കുന്ന മാധബിന്റെ ജീവിതം പറയുകയാണ് ഈ ചിത്രം. രാജശ്രീ ദേശ്പാണ്ഡെയുടെ ‘ഡിസ്റ്റോർട്ടഡ് മിറേഴ്സ്’ കൊൽഹാട്ടി സമുദായത്തിൽനിന്നുള്ള ലാവണി നർത്തകരുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ഗുർവിന്ദർ സിംഗ് ഒരുക്കിയ ‘കാവാലം’ കവി ഉദയൻ വാജ്പേയി കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ച് ഉത്തരരാമചരിതത്തിന്റെ ഹിന്ദി പതിപ്പ് അരങ്ങിലത്തെിച്ചതിന്റെ നാൾവഴികൾ അവതരിപ്പിക്കുന്നു.
ഫൈസ അഹമ്മദ് ഖാന്റെ ‘സൂപ്പർമാൻ ഓഫ് മാലേഗാവ്’ ഹിറ്റ് സിനിമകളുടെ ഹാസ്യാനുകരണങ്ങൾ നിർമ്മിക്കുന്ന ഒരു കൂട്ടം കലാപ്രേമികളുടെ കഥ പറയുന്നു. റിന്റു തോമസ്, സുസ്മിത് ഘോഷ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘റൈറ്റിംഗ് വിത്ത് ഫയർ’ ദലിത് വനിതകൾ നടത്തുന്ന മാധ്യമ സ്ഥാപനത്തിന്റെ അച്ചടിയിൽനിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




