Section

malabari-logo-mobile

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍: പരിഗണനാ വിഷയങ്ങള്‍ പുനര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണം  മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : തിരുവനന്തപുരം:പതിനഞ്ചാം ധനകാര്യ കമ്മീഷനെ അതിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തടസപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണനാ ...

തിരുവനന്തപുരം:പതിനഞ്ചാം ധനകാര്യ കമ്മീഷനെ അതിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തടസപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന ആശങ്ക പരക്കെയുണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമാക്കത്തക്ക വിധം പരിഗണനാ വിഷയങ്ങള്‍ അടിയന്തരമായി പുനര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ ഘടന ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യവും സമന്വയവും സാധ്യമാക്കാനും ഇതനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ സംരക്ഷിക്കുന്ന തരത്തില്‍ ഫലപ്രദമായ വിഭവവിതരണം നടത്തുന്നതിനാണ് അഞ്ചുവര്‍ഷം കൂടുന്തോറും ധനകാര്യ കമ്മീഷനെ നിയമിക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. ചരക്കു സേവന നികുതിയുടെ ആവിര്‍ഭാവത്തോടെ സംസ്ഥാനങ്ങളിലെ സാമ്പത്തികാധികാര വിതരണത്തിലുള്ള അന്തരം കൂടുതല്‍ പ്രകടമായിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ സൂചിപ്പിക്കുന്നതുപോലെ മാനവിക ശേഷി വികസനം, വരുമാന വളര്‍ച്ച,  ഉപജീവന മാര്‍ഗങ്ങള്‍, പരിസ്ഥിതി പരിപാലനം, എന്നിവ നിര്‍വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. രാഷ്ട്ര നിര്‍മാണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഈ ഉത്തരവാദിത്തങ്ങള്‍ സംസ്ഥാനങ്ങളുടെ ചുമതലയായിരിക്കെ, ധനവിനിയോഗം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്.

sameeksha-malabarinews

അതുകൊണ്ട് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ ഒരു അസമത്വമുണ്ട്. സംസ്ഥാനങ്ങള്‍ റവന്യൂ വരുമാനത്തേക്കാള്‍ ചെലവുകള്‍ വഹിക്കേണ്ട സാഹചര്യമുണ്ടാവും. ഈ ക്രമക്കേട് പരിഹരിക്കാന്‍ ധനകാര്യ കമ്മീഷനെ ഭരണഘടന ഉത്തരവാദപ്പെടുത്തിയിട്ടുണ്ട്. നോട്ടുനിരോധനവും ചരക്കു സേവന നികുതിയും സംസ്ഥാനങ്ങള്‍ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള വിഭവ കൈമാറ്റം പതിനാലാംധനകാര്യ കമ്മീഷന്‍ അനുവദിച്ചിരുന്ന 42 ശതമാനത്തില്‍ നിന്നു കുറയ്ക്കരുതെന്നും ഉയര്‍ത്തുകയാണു വേണ്ടതെന്നും മുഖ്യന്ത്രി പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തീര്‍പ്പിന് 2011 ലെ സെന്‍സസ് ആധാരമാക്കുന്നത് ജനസംഖ്യാ നിയന്ത്രണത്തില്‍ വന്‍ മുന്നേറ്റം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. പതിനഞ്ചാം ധനകാര്യകമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ജനാധിപത്യത്തിനും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനും ഭീഷണിയുയര്‍ത്തുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരയണസാമി, ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രി യനമല രാമകൃഷ്ണനുഡു, കര്‍ണാടക കൃഷി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!