Section

malabari-logo-mobile

ക്ഷീരശ്രീ പോര്‍ട്ടല്‍ നാടിനു സമര്‍പ്പിച്ചു; ക്ഷീരകര്‍ഷകര്‍ക്കു സബ്‌സിഡിക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം

HIGHLIGHTS : Ksheerashree portal dedicated to Nadu, Dairy farmers can apply online for subsidy

ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി സ്‌കീമുകളില്‍ അപേക്ഷ നല്‍കാന്‍ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകള്‍ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായുള്ള ക്ഷീരശ്രീ പോര്‍ട്ടല്‍ ksheerasree.kerala.gov.in ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമര്‍പ്പിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് അര്‍ഹമായ സേവനങ്ങളും സഹായവും അതിവേഗത്തില്‍ സുതാര്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയതെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. പാലിന്റെ ഗുണനിലവാര വര്‍ധന, ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തന ഏകീകരണം, സുതാര്യത, കാര്യക്ഷമത തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള വെബ് അധിഷ്ഠിത ഏകീകൃത സോഫ്‌റ്റ്വെയറിന്റെ ഭാഗമായാണു പോര്‍ട്ടല്‍ ആരംഭിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അപേക്ഷകള്‍ പോര്‍ട്ടല്‍ വഴി സ്വീകരിക്കും.

sameeksha-malabarinews

ഒരു വര്‍ഷം 50 ലക്ഷം രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ഒരു ഗ്രാമത്തില്‍ ചെലവാക്കുന്നത്. പാല്‍ ഉത്പാദനത്തില്‍ ഇതു വലിയ മാറ്റമുണ്ടാക്കും. ഇതിന്റെ ചുവടുപിടിച്ച് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നൂതന പദ്ധതികള്‍ നടപ്പാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. പുതിയ കര്‍ഷകരെ ഈ രംഗത്തേക്കു കൊണ്ടുവരണം. തൊഴിലില്ലാത്ത ചെറുപ്പക്കാരെ ആകര്‍ഷിക്കണം. പ്രവാസികള്‍ അടക്കം പലരും ഈ രംഗത്തേക്കു കടന്നുവരുന്നുണ്ട്. പാല്‍ ഉത്പാദനം വര്‍ധിക്കുന്നതോടെ മിച്ചംവരുന്ന പാല്‍പൊടിയാക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തില്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഐ.എം.ജിയിലെ പത്മം ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ് കുമാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി.വി. മോഹന്‍കുമാര്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സി. സുജയ് കുമാര്‍, ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥ്, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!