Section

malabari-logo-mobile

സെല്ലുലോയിഡില്‍ കവിത പെയ്ത ഡോക്യുമെന്ററി പ്രദര്‍ശനം

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്‍സ് യൂണിയന്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദര്‍ശനം മനസിലേക്ക് കവിതയുടേയും പരിസ്ഥിതി ബോധത്തിന്റെയും നന്‍മ പെയ്തിറങ്ങുന്നതായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എവിആര്‍സി വിഭാഗം തയ്യാറാക്കിയ കരീം ആന്റ് ഹിസ് ഫോറസ്റ്റ്, ദീപക് നാരായണന്‍ സംവിധാനം ചെയ്ത ഈ നിശീഥിനിയെങ്ങനെ കടക്കും ഇങ്ങനെ സ്വപ്‌നമഴപെയ്താല്‍ എന്നീ രണ്ട് ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിച്ചത്.

sameeksha-malabarinews

കാടിനെ ഉരുക്കിയെടുത്ത് തന്റെ നാണയതുട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സ്വാര്‍ത്ഥരായ മനുഷ്യര്‍ക്കിടയില്‍ തന്റെ സ്വന്തം സ്ഥലത്ത് ഒരു കാട് വെച്ച് പിടിപ്പിച്ച്, കാടിനെ സ്‌നേഹിച്ച് പരിപാലിക്കുന്ന കാസര്‍ക്കോട്ട്കാരനായ കരീംക്കയുടെ ജീവിത വീഷണം പ്രകൃതിക്കുനേരെ നമ്മള്‍ തുറക്കേണ്ട ഉള്‍കണ്ണിനെ കുറിച്ച് ബോധ്യപ്പെടുത്തുന്നു. കരീം ആന്റ് ഹിസ് ഫോറസ്റ്റ് കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയുമുള്ളില്‍ കാടിനെ……പ്രകൃതിയെ…പച്ചപ്പിനെ സ്‌നേഹിക്കാനുള്ള സ്‌നേഹവിത്ത് പാകാന്‍ പ്രസ്തുത ഡോക്യുമെന്ററിക്ക് കഴിഞ്ഞു.

ദീപക് നാരായണന്‍ തന്റെ ഡോക്യുമെന്ററിയിലൂടെ അവധൂത കാവ്യജീവിതത്തിനുടമയായ ലൂയിസ് പീറ്ററിന്റെ കാവ്യ ജീവിതത്തിലൂടെ ചെരുപ്പിടാതെ പ്രേക്ഷകരെ നടത്തിക്കുന്നു. ഈ കാവ്യ വരികളില്‍ നിന്ന് പ്രേക്ഷകന്റെ മനസിലേക്ക് കത്തിക്കയറുന്ന വാക്കുകളുടെ മുള്ളുകള്‍ മനസിനെ വേദനിപ്പിക്കുന്നു…. ചിന്തിപ്പിക്കുന്നു.

ലൂയിസ് പീറ്റര്‍ എന്ന കവി സമാഹരിക്കപ്പെടാതെപോയ അദേഹത്തിന്റെ 200 ഓളം കവിതയിലൂടെ മലയാള കാവ്യബോധത്തെ പുതിയ വിതാനങ്ങളിലേക്ക് പറത്തി വിടുകയാണ് ചെയ്തതെന്ന് ദീപകിന്റെ കാവ്യ രേഖീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു.

പ്രതാപ് ജോസഫും ബിജു ഇബ്രാഹിമും ഈ ഡോക്യുമെന്ററിക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നു.

കവിതയുടെ കനല്‍ വഴികളില്‍ ചവുട്ടി ഉള്ളുകത്തിയ ഓരോ കവിക്കും കവിതയ്ക്കും കാവ്യാസ്വാദകര്‍ക്കുമുള്ള ഒരു കനല്‍ കരുതലാണ് ‘ഈ നിശീഥിനിയെങ്ങനെ കടക്കും ഇങ്ങനെ സ്വപനമഴ പെയ്താല്‍’ എന്ന കാവ്യരേഖീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!