പ്രൊഫ: പി. മമ്മദ് ഓർമ്മയായിട്ട് രണ്ടു വർഷം ; അനുസ്മരണവും ആംബുലൻസ് സമർപ്പണവും നടക്കും

തിരൂരങ്ങാടി: നിലപാടുകളിലെ ഉറപ്പും വിനയം തുളുമ്പുന്ന പെരുമാറ്റവും കൊണ്ട് സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ. പി. മമ്മദ് വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. മികച്ച അധ്യാപകൻ, വാഗ്മി, സംഘാടകൻ എന്നീ നിലകളിൽ തിരൂരങ്ങാടിയുടെ പൊതുമണ്ഡലത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം പൊതുരംഗത്തെത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ കൗൺസിലർ, എസ്.എഫ്.ഐ ഫാറൂഖ് കോളേജ് യൂണിറ്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനകീയമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1981-ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ കോമേഴ്സ് വിഭാഗം അധ്യാപകനായി എത്തിയതോടെയാണ് തിക്കോടി സ്വദേശിയായ അദ്ദേഹം തിരൂരങ്ങാടിയുടെ പ്രിയങ്കരനായി മാറുന്നത്.

അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ്, സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ അക്കാദമിക് മേഖലയിലും അദ്ദേഹം തിളങ്ങി. സി.പി.ഐ (എം) തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കർഷക സംഘം ഏരിയ കമ്മിറ്റിയിലും സജീവമായിരുന്നു. വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മയായ ‘സാന്ത്വം’ എന്ന സംഘടനയുടെ ശില്പികളിലൊരാളും അതിന്റെ പ്രസിഡന്റുമായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള വേങ്ങര കോച്ചിംഗ് സെന്റർ പ്രിൻസിപ്പലായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.

മത-രാഷ്ട്രീയ വിവേചനങ്ങളില്ലാത്ത വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു പ്രൊഫ. പി. മമ്മദ്. കർമ്മമണ്ഡലങ്ങളിൽ അദ്ദേഹം അവശേഷിപ്പിച്ചുപോയ മാതൃകകൾ വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായി നിലകൊള്ളും. രണ്ടാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ആംബുലൻസ് സമർപ്പണവും നടക്കും. പ്രൊഫ. പി മമ്മദിൻ്റെ നാമധേയത്തിൽ ആരംഭിച്ച പ്രൊഫസർ മമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനവും പൂർണ്ണ സജ്ജീകൃതമായ ആംബുലൻസ് സമർപ്പണവും നടക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഡോ. കെ ടി ജലീൽ എംഎൽഎ, കെ പി എ മജീദ് എംഎൽഎ, വി പി അനിൽ, വി വസീഫ്, സി പി ഹബീബ, എം അബ്ദുറഹിമാൻ കുട്ടി, എം കെ ബാവ, അജിത് കൊളാടി, കൃഷ്‌ണൻ കോട്ടുമല,
പ്രൊഫ. എ പി. അബ്ദുൽ വഹാബ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top