
തിരൂർ: ഏഴൂരിൽ മാതാവിനെയും ഒന്നരവയസ്സുകാരനായ മകനെയും വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പനക്കൽ ഇബ്രാഹിമിന്റെ മകൾ ഇർഫാന (32), ഇർഫാനയുടെ മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്‌ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പിതാവ് ഇബ്രാഹിം പള്ളിയിൽ പോയ സമയത്ത് ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽവാസി വീട്ടിലെത്തി ആരേയും കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ കിണറിൻറെ വല ഇളകിക്കിടക്കുന്നതുകണ്ട് സംശയം തോന്നുകയായിരുന്നു.
തിരൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്ത് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഫയർസ്റ്റേഷൻ ഓഫീസർ പി. അബ്ദുൽസലീമിന്റെ നേതൃത്വത്തിലെത്തിയ അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. മദനമോഹനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. കെ. സന്ദീപ്, വി.സി. വിപിൻ, കെ.സി. രതീ ഷ്, ടി. അബ്ദുൽസമദ്, പി.കെ. നകുൽ, പി. വി. ഗോപി എന്നിവരടങ്ങുന്ന അഗ്നിരക്ഷാ സേനാസംഘമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. എഫ്.ആർ.ഒ. ടി. അബ്ദുൽ സമദ് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.
കോഴിക്കോട് പയമ്പ്ര സ്വദേശി റാഹത്ത് മഹലിൽ മുഹമ്മദ് റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. മാതാവ്: പരേതയായ റസീന.
മൃതദേഹം ചൊവ്വാഴ്‌ച രാവിലെ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഇൻക്വസ്റ്റ് നടത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. തിരൂർ പോലീസ് കേസെടുത്തു. പോലീസ് ഇൻസ്പെക്ടർ ടി. അനിൽകുമാർ മേപ്പിള്ളിൽ അന്വേഷണം നടത്തിവരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




