Section

malabari-logo-mobile

വികസന സെമിനാര്‍ ആറിന്: ജില്ലയില്‍ 44.2 കോടിയുടെ പദ്ധതികള്‍

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ 2012 - 13 വര്‍ഷ

മലപ്പുറം: ജില്ലയില്‍ 2012 – 13 വര്‍ഷ പദ്ധതികളുടെ രൂപീകരണം സംബന്ധിച്ച വികസന രേഖയുമായി ബന്ധപ്പെട്ട സെമിനാര്‍ ഒക്‌റ്റോബര്‍ ആറിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്തു യോഗത്തില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സുഹ്‌റ മമ്പാട് അറിയിച്ചു. 44.2 കോടിയുടെ പദ്ധതിയാണ് നിലവില്‍ വരുന്നത്. ജനറല്‍ വിഭാഗത്തില്‍ 28.26 കോടിയുടെയും പട്ടികജാതി വിഭാഗത്തില്‍ 15 കോടിയുടെയും പട്ടികവര്‍ഗവിഭാഗത്തില്‍ 94 ലക്ഷത്തിന്റെയും പദ്ധതികള്‍ ജില്ലയില്‍ വരും. ഇതില്‍ 7.91 കോടിയുടെ സ്പില്‍ ഓവര്‍ പദ്ധതികളും ഉള്‍പ്പെടും. സ്പില്‍ ഓവര്‍ ജനറല്‍ വിഭാഗത്തില്‍ 1.99 കോടിയും പട്ടികജാതിയില്‍ 5.67 കോടിയും പട്ടികവര്‍ഗത്തില്‍ 25 ലക്ഷവും ചെലവിടും.

വനിതകള്‍ക്കായുളള പ്രതേ്യക പദ്ധതിക്ക് 3.57 കോടിയും ശാരീരിക മാനസികവെല്ലുവിളികള്‍ നേരിടുന്നവരുടെ പദ്ധതിക്ക് 1.78 കോടിയുമാണ് ചെലവിടുക. റോഡുകളുടെ പുനരുദ്ധാരണത്തിന് 12.95 കോടിയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതില്‍ പണിപൂര്‍ത്തീകരിക്കാതെ കിടക്കുന്നവ തീര്‍ക്കുവാന്‍ 2.30 കോടി വേണ്ടി വരും.
റോഡ് ഇതര ആസ്തികളുടെ പുനരുദ്ധാരണത്തിന് 8.46 കോടിയാണുളളത്. ഇതില്‍ നിന്ന് 2.83 കോടി ചെലവഴിച്ച് പൂര്‍ത്തിയാകാതെ കിടക്കുന്നവ തീര്‍ക്കേണ്ടതുണ്ട്.

sameeksha-malabarinews

യോഗത്തില്‍ രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. നിലമ്പൂര്‍ താലൂക്കിലെ ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തിലെ ആഡ്യന്‍പാറ, എരുമമുണ്ട, മുരി കാഞ്ഞിരം, പാതര്‍, കുനിപ്പാല എന്നിവിടങ്ങളില്‍ 1977 ന് മുന്‍പ് നികുതിയടച്ച് ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്ന 944 കര്‍ഷകര്‍ 15 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് നിലമ്പൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്ന് ജില്ലാ പഞ്ചയത്ത് അംഗം വി.എം. ഷൗക്കത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.വി. മനാഫ് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം പി.കെ. ഉമ്മര്‍കുട്ടിയാണ് പ്രമേയത്തെ പിന്‍താങ്ങിയത്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ആവാസ കേന്ദ്രങ്ങളെ രണ്ടായി മുറിച്ചാണ് വാതക പൈപ്പ് ലൈന്‍ കടുന്നുപോകുക. 912 കിലോമീറ്റര്‍ ദൂരം വരുന്ന വാതക ലൈന് 20 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താല്‍ 4,562 ഏക്കര്‍ ഭൂമിയാണ് വേണ്ടി വരിക. സുരക്ഷാ ഭീഷണിയുളള ഈ പദ്ധതി ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രമേയാവതരണങ്ങള്‍ക്കുശേഷം സര്‍ക്കാരിന് ഇവ രണ്ടും കൈമാറുമെന്ന് ജില്ലാ പഞ്ചായത്തു യോഗം അറിയിച്ചു.

യോഗത്തില്‍ ജില്ല പഞ്ചായിത്ത് പ്രസിഡന്‍ഡ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍ഡ് പി.കെ. കുഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ.പി. ജല്‍സീമിയ , റ്റി. വനജ, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറയ്ക്കല്‍, സെക്രട്ടറി എ. അബ്ദുള്‍ ലത്തീഫ് മറ്റ് ജനപ്രതിനിധികള്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!