Section

malabari-logo-mobile

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം-ജില്ലാ കലക്‌ടര്‍

HIGHLIGHTS : മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാതൃകാപെരുമാറ്റചട്ടം പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ അറി...

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാതൃകാപെരുമാറ്റചട്ടം പാലിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍ അറിയിച്ചു.അണികളെക്കൂടി ഇക്കാര്യത്തെക്കുറിച്ച്‌ ബോധവാന്മാരാക്കണമെന്നും കലക്‌ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. വിവാദങ്ങളുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കലക്‌ടര്‍ അഭ്യര്‍ഥിച്ചു. സമുദായങ്ങള്‍ തമ്മില്‍ സ്‌പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം ഒഴിവാക്കണം. ജനപ്രതിനിധികള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കരുത്‌. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ യോഗം വിളിച്ച്‌ ചേര്‍ക്കരുത്‌. രാഷ്‌ട്രീയ പ്രചാരണങ്ങള്‍, ജാഥകള്‍ എന്നിവ നടത്തുന്നതിന്‌ മുന്‍കൂര്‍ അനുമതി വാങ്ങണം. യോഗം നടത്തുന്ന സ്ഥലത്ത്‌ നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഉണ്ടെങ്കില്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഔദ്യോഗിക വസതികള്‍ എന്നിവിടങ്ങളില്‍ രാഷ്‌ട്രീയ യോഗം ചേരരുത്‌. സ്വകാര്യ സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിക്കുന്നതിന്‌ മുമ്പ്‌ ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. പൊതുസ്ഥലങ്ങളില്‍ പതിക്കുന്നതിനും ബന്ധപ്പെച്ചവരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അച്ചടിക്കാന്‍ നല്‍കുന്ന പ്രചാരണ സാമഗ്രികളുടെ വിശദ വിവരം പാര്‍ട്ടികളും പ്രസ്‌ ഉടമകളും നിശ്ചിത പ്രഫോമയില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ അറിയിക്കണം. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കരുത്‌. എതിര്‍ സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്നതും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ പരാമര്‍ശങ്ങളും ഒഴിവാക്കണം. എതിരാളികളുടെ വീടിന്‌ മുന്നില്‍ പ്രകടനം, പിക്കറ്റിങ്‌, എന്നിവ നടത്തരുത്‌. ഗതാഗതത്തിന്‌ തടസ്സമുണ്ടാവാത്ത വിധം ജാഥകള്‍ ക്രമീകരിക്കണം. ജാഥയുടെ തീയതി, സമയം എന്നിവ പൊലീസിനെ അറിയിക്കണം. പ്രചാരണ ചെലവുകള്‍ നിശ്ചിത തുകയുടെ പരിധിയിലാവണം. പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ സംബന്ധിച്ച മാനദണ്‌ഡം പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിക്കരുത്‌. രാത്രി 10 ന്‌ പ്രചാരണം അവസാനിപ്പിക്കണം.
വെഹിക്ക്‌ള്‍ പാസും മൈക്ക്‌ പെര്‍മിറ്റും ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന്‌ ബദല്‍ സംവിധാനമൊരുക്കണമെന്ന്‌ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിന്‌ അവസാന ദിവസമായ ഒക്‌ടോബര്‍ അഞ്ചിനുണ്ടായ തടസങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അധ്യക്ഷനായും വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളായും കമ്മിറ്റി രൂപവത്‌കരിച്ചു. പരാതിക്കിട നല്‍കാത്തവിധം കുറ്റമറ്റ സംവിധാനം ജില്ലാ ഭരണകാര്യാലയം ഒരുക്കുമെന്നും ഇതുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ എ.ഡി.എം. കെ.രാധാകൃഷ്‌ണന്‍, സബ്‌ കലക്‌ടര്‍മാരായ അമിത്‌ മീന, ഡോ.ജെ.ഒ.അരുണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ പി.രാമചന്ദ്രന്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!