Section

malabari-logo-mobile

മലപ്പുറത്ത് സേനാനികള്‍ക്ക് വിശ്രമ മന്ദിരം ഒരുങ്ങുന്നു

HIGHLIGHTS : മലപ്പുറം : വിമുക്ത ഭടന്മാര്‍ക്കും

മലപ്പുറം : വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ജില്ലാ ആസ്ഥാനത്ത് ചുരുങ്ങിയ ചെലവില്‍ താമസിക്കാനായി സൈനിക വിശ്രമ മന്ദിരം (സൈനിക് റെസ്റ്റ് ഹൗസ്) ഒരുങ്ങുന്നു. 50 ലക്ഷം വകയിരുത്തിയിട്ടുള്ള വിശ്രമ മന്ദിരത്തിന്റെ നിര്‍മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ്. കേന്ദ്രീയ വിദ്യാലയത്തിന് പുറകിലുള്ള സ്ഥലത്ത് 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യ പങ്കാളിത്തത്തോടെയാണ് സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നടപ്പാക്കുന്നത്.

രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ പ്രതിമാസ സാമ്പത്തിക സഹായം കഴിഞ്ഞ വര്‍ഷം 600 രൂപയില്‍ നിന്ന് 1000 രൂപയാക്കിയിരുന്നു. 72 പേര്‍ക്കായി 8.58 ലക്ഷം വിതരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ നിര്‍ധനരായ വിധവകള്‍ക്ക് പ്രതിമാസം 500 രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 74 പേര്‍ക്കായി 1.72 ലക്ഷമാണ് ഈ ഇനത്തില്‍ വിതരണം ചെയ്തതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ കെ.എസ്.മുരളീധരന്‍ അറിയിച്ചു.

sameeksha-malabarinews

വിമുക്ത ഭടന്മാരുടെ പഠനത്തില്‍ സമര്‍ത്ഥരായ മക്കള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് തുക 500 രൂപ തൊട്ട് 2000 രൂപ വരെയായിരുന്നത് വര്‍ധിപ്പിച്ച് 2000 തൊട്ട് 3500 രൂപ വരെയാക്കി. 116 വിദ്യാര്‍ഥികള്‍ക്കായി മൂന്ന് ലക്ഷം വിതരണം ചെയ്തു. പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നാല് പേര്‍ക്കായി 12,500 രൂപയും വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് പരിശീലനം നേടുന്നതിന് ധനസഹായമായി ആറ് പേര്‍ക്ക് 18,000 രൂപയും വിതരണം ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡായി 10 പേര്‍ക്ക് 30,000 രൂപ നല്‍കി. നിര്‍ധനരും അവശരുമായ 121 വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സ്റ്റേറ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 4.16 ലക്ഷവും 160 പേര്‍ക്ക് ഡിസ്ട്രിക്റ്റ് മിലിട്ടറി ബെനവലന്റ് ഫണ്ടില്‍ നിന്നും 3.54 ലക്ഷം രൂപയും വിതരണം ചെയ്തു. ക്ഷേമപദ്ധതികളില്‍ അംഗങ്ങളാകുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും 0483-2734932 നമ്പറില്‍ ബന്ധപ്പെടാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!