പരപ്പനങ്ങാടി: പുതുതായി തുറന്ന് കൊടുക്കാനിരിക്കുന്ന പരപ്പനങ്ങാടി മേല്‍പാലത്തിനും, റെയില്‍വേ ട്രാക്കിനുമിടയില്‍ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി ഇരുപതോളം കുടിലുകള്‍ ഉയരുന്നു. നിലവില്‍ ഇവിടെ പത്തോളം കുടിലുകള്‍ ഉണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത ഈ കുടിലുകളില്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് വാടകക്ക് താമസിക്കുന്നത്. ഇതിനു പുറമെയാണ് ഇപ്പോള്‍ ഇരുപതോളം പുതിയ കുടിലുകള്‍ കൂടി നിര്‍മ്മിക്കുന്നത് .
കുടുംബസമേതം താമസിക്കുന്ന ഇവര്‍ റെയില്‍വേ ട്രാക്കിലും പരിസര പ്രദേശങ്ങളിലുമാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഇത് ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍ പഞ്ചായത്തുകളില്‍ പരാതിപ്പെട്ടിട്ടും അധികാരികള്‍ അനങ്ങാപ്പാറാ നയമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ലാഭത്തിനു വേണ്ടി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിര്‍മ്മിക്കുന്ന ഇത്തരം കുടിലുകള്‍ ഉടനെ നീക്കം ചെയ്യുമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ചേരിയില്‍ താമസിക്കന്നവരെ കുറിച്ചുള്ള യാതൊരു വിവരവും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലോ, പഞ്ചായത്തിലോ ലഭ്യമല്ല.




