മലപ്പുറം:2008 ലെ കേരളാ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമംധ 1967 ലെ കേരളാ ഭൂ വിനിയോഗ നിയമം എന്നിവയ്ക്ക് വിരുദ്ധമായി അനധികൃതമായ വയല്‍ നികത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ. ബിജു അറിയിച്ചു.
റവന്യൂ രേഖകളില്‍ നിലമായി രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ഭൂമിയും നിലമായിതന്നെ സംരക്ഷിക്കേണ്ടതാണ്. അതിനാല്‍ അനധികൃത നികത്തല്‍ തടയുന്നതിന് റവന്യൂ പൊലീസ്-കൃഷി-തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഇത്തരം ഭൂമി നികത്തിയോ രൂപാന്തരപ്പെടുത്തിയോ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റവന്യൂ അധികാരികളുടെ നിരാക്ഷേപ പത്രമില്ലാതെ അംഗീകാരം നല്‍കില്ല. ഇത്തരം കേസുകള്‍ അതത് വില്ലേജ് ഓഫീസര്‍മാര്‍/കൃഷി ഓഫീസര്‍മാര്‍/പൊലീസ് സബ് ഇന്‍സ്‌പെക്റ്റര്‍മാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ തുടര്‍ നടപടിയ്ക്കായി അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 12,19 വകുപ്പുകള്‍ പ്രകാരം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് സീഷര്‍ മഹസ്സര്‍, വാഹന ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ജില്ലാ കലക്റ്റര്‍ക്ക് അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ രേഖകളില്‍ കാണിച്ച പ്രകാരം മാത്രമേ ലാന്‍ഡ് ക്ലാസിഫിക്കേഷന്‍ ആധാരങ്ങളില്‍ രേഖപ്പെടുത്തുന്നുള്ളൂവെന്ന് സബ് രജിസ്ട്രാര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം ശ്രദ്ധയില്‍പ്പെടുന്ന കേസുകളില്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, എസ്.ഐ. മാര്‍ എന്നിവര്‍ നിയമത്തിലെ വകുപ്പു 12(ഇ) പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്റ്റര്‍ അറിയിച്ചു.




