Section

malabari-logo-mobile

താനൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, ചീമുട്ടയേറ്;സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

HIGHLIGHTS : ലീഗ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി മാധ്യമങ്ങള്‍ക്ക് നേരെ കയ്യേറ്റശ്രമം

ലീഗ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

മാധ്യമങ്ങള്‍ക്ക് നേരെ ലീഗ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം

sameeksha-malabarinews

താനൂര്‍: ഇന്ന് രാവിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ മണിക്കൂറുകളോളം താനൂരിനെ സംഘര്‍ഷ ഭൂമിയാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്നും തടയുമെന്നും പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകരും സംഘടിച്ചതോടെ താനൂരിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി.

ഇന്നലെ രാത്രി തന്നെ ജലപീരങ്കിയടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമായി എഴുനൂറിലേറെ പോലീസുകാരെയാണ് താനൂരില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. താനൂര്‍ ജംങ്ഷനിലേക്കുള്ള എല്ലാ വഴികളും പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയെടെ വേങ്ങരയില്‍ നിന്നും പരപ്പനങ്ങാടി വഴി താനൂരിലെത്തിയ മുഖ്യമന്ത്രിയെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ബ്ലോക്കോഫീസിന് സമീപത്തുവെച്ച് തടയാന്‍ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയുമായിരുന്നു. ഈ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിക്ക് എസ്‌ക്കോര്‍ട്ട് പോയ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

ഇതെ സമയം തിരൂര്‍ -താനൂര്‍ റോഡില്‍ ശോഭപ്പറമ്പിനടുത്തുവെച്ച് പ്രകടനമായെത്തിയ ആയിരത്തോളം ഇടതുമുന്നണി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സിപിഐഎം തിരൂര്‍ ഏരിയാ സെക്രട്ടറി ശിവദാസന്‍, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി എം ബി ഫൈസല്‍, അറമുഖന്‍, സിപിഐഎം താനൂര്‍ ലോക്കല്‍ സെക്രട്ടറി കെ രാജഗോപലന്‍ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 9.30 മണിയോടെ ജ്യോതി തിയ്യേറ്ററിനടുത്ത് വെച്ച് ഒരു സംഘം സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വെലായുധന്‍ വള്ളിക്കുന്ന്, മുഹമ്മദ് മാസ്റ്റര്‍ എന്നിവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

സംഘര്‍ഷത്തിനിടെ കൈരളി ടിവിയുടെ ഓബി വാനിനുനേരെയും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനത്തിന് നേരെയും ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് ആക്രമണമുണ്ടായി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ടേപ്പ് പിടിച്ചുവാങ്ങാനും ശ്രമമുണ്ടായി. വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ പ്രവീണിന് പരിക്കേറ്റിട്ടുണ്ട്.

തണ്ടര്‍ ബോള്‍ട്ടടക്കമുള്ള വിവിധ സേനാ വിഭാഗങ്ങള്‍ ഒരുക്കിയ കനത്ത സംരക്ഷണയില്‍ മുഖ്യമന്ത്രി കോളേജിന്റെ ഉദ്ഘാടനം നടത്തി മടങ്ങിയതോടെയാണ് സംഘര്‍ഷത്തിനയവ് വന്നത്.

ഫോട്ടോ: ഷായിന്‍ താനൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!