Section

malabari-logo-mobile

ചാലിയാറില്‍ രണ്ട് റഗുലേറ്റര്‍ കം ബ്രിജ്: ജലസേചനം-കുടിവെള്ളം-വിനോദസഞ്ചാരം-ഗതാഗതം

HIGHLIGHTS : മലപ്പുറം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍

മലപ്പുറം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ജലസേചനം, കുടിവെള്ളം, ഗതാഗതം, വിനോദ സഞ്ചാര വികസനം തുടങ്ങിയ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റ ഭാഗമായി ചെറുകിട ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പ്രധാനപ്പെട്ട റഗുലേറ്റര്‍ കം ബ്രിജുകള്‍ നിര്‍മിക്കുന്നു. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി മമ്പാട് ഓടായിക്കലില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ 49.50 കോടി ചിലവിലും ചുങ്കത്തറ പൂക്കോട്ടുമണ്ണയില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ 26.25 കോടി ചിലവിലും റഗുലേറ്റര്‍ കം ബ്രിജ് നിര്‍മിക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയതായി എക്‌സി.എഞ്ചിനീയര്‍ എം.എസ് പുരിഷന്‍ അറിയിച്ചു.
നിലമ്പൂര്‍ നഗരത്തില്‍നിന്നും 15 കി.മീ.അകലെ നിലമ്പൂര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ പൂക്കോട്ടുമണ്ണയില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിലവില്‍ വരുന്ന പദ്ധതി ചുങ്കത്തറ, എടക്കര, പോത്ത്കല്ല് പഞ്ചായത്തുകളിലെ ഏകദേശം 2000 ഹെക്ടറില്‍ ജലസേചനമാണ് ലക്ഷ്യമിടുന്നത്. വേനല്‍ക്കാലത്ത് പുഴയില്‍ താത്ക്കാലികമായി തടയണക്കെട്ടി വെള്ളം സംഭരിക്കുന്ന ഈ മേഖലയിലെ കൃഷിക്കാര്‍ക്ക് പദ്ധതി വരുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷിയിറക്കാനാകും. ഇതോടൊപ്പം പുഴയ്ക്ക് കുറുകെയുള്ള തോണി യാത്രയുടെ ക്ലേശവും പരിഹരിക്കപ്പെടും.
പൂക്കോട്ടുമണ്ണ കടവിന് കുറുമ്പലങ്ങോട്, എരുമമുണ്ട, കൈപ്പിനി തുടങ്ങിയ ഭാഗങ്ങളുമായുള്ള ബന്ധവും പാലം യാഥാര്‍ഥ്യമാക്കും. കിഴക്കന്‍ ഏറനാട്ടിലെ ഫലഭൂയിഷ്ടമായ ഈ മേഖലയില്‍ ജലസേചന പദ്ധതികള്‍ ഇല്ലാത്തതിനാല്‍ മഴയെ മാത്രം ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വേനല്‍ക്കാലത്തും കൃഷി ഇറക്കാന്‍ സാധിക്കും. കൂടാതെ സമ്മിശ്ര കൃഷി രീതി നടപ്പാക്കാനും സാധിക്കും. റഗുലേറ്റര്‍ നിര്‍മാണം വഴി പുഴയില്‍ വെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജല വിതാനം ഉയര്‍ത്തുന്നതോടെ മേഖലയിയെ കുടിവെള്ള ക്ഷാമത്തിനുംപരിഹാരമുണ്ടാകും.
റഗുലേറ്റര്‍ നിര്‍മാണത്തോടെ രൂപപ്പെടുന്ന ജലാശയവും പുഴയോരവും വിനോദ സഞ്ചാര സാധ്യതകളും ഉറപ്പാക്കും.ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി മുതല്‍കൂട്ടാകും. കൂടാതെ തേക്ക് മ്യൂസിയം, ആഡ്യന്‍പാറ വെള്ളച്ചാട്ടം, കനോലി പ്ലോട്ട്, നെടുങ്കയം തുടങ്ങിയ പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ബോട്ടിങ്, ഫിഷിങ്, മറ്റു ജലവിനോദ മാര്‍ഗങ്ങള്‍ എന്നിവയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും.നബാര്‍ഡ് ആര്‍.ഐ.ഡി.എഫിലുള്‍പ്പെടുത്തി 2625 ലക്ഷം ഭരണാനുമതി ലഭിച്ച പദ്ധതിക്ക് നബാര്‍ഡ് ധനസഹായം 2363.49 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 124.39 ലക്ഷം രൂപയുമാണ്.
വണ്ടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ഓടായിക്കലില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ കം ബ്രിജ് നിര്‍മിക്കുന്നതോടെ മമ്പാട്, വണ്ടൂര്‍, തിരുവാലി പഞ്ചായത്തുകളിലായി 2900 ഹെക്റ്റര്‍ പ്രദേശത്ത് ജലസേചന സൗകര്യമുണ്ടാകും. പദ്ധതിയുടെ നബാര്‍ഡ് വിഹിതം 4697.75 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 252.25 ലക്ഷവുമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്, മലബാര്‍ ഇറിഗേഷന്‍ പായ്‌ക്കേജ്(മിര്‍പ) പദ്ധതികളിലായി കുളം, വി.സി.ബി കം ബ്രിജ്, ചെക്ക് ഡാം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. 51 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!