Section

malabari-logo-mobile

ചത്തുപോകുമീ.. ഗ്രാമസഭകള്‍

HIGHLIGHTS : ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദ്യപടിയാണ് ഗ്രാമസഭകള്‍. കേരളത്തില്‍,

സുബാബു


ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആദ്യപടിയാണ് ഗ്രാമസഭകള്‍. കേരളത്തില്‍, തൊണ്ണൂറുകള്‍ ഇവയുടെ അരങ്ങേറ്റമായിരുന്നു. ജനകീയാസൂത്രണ കാലഘട്ടം ഗ്രാമസഭകളില്‍ ഏറ്റവും ജനപങ്കാളിത്തം അടയാളപ്പെടുത്തി. എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് പക്വവും വ്യക്തവുമായ യഥാര്‍ത്ഥ രാഷ്ട്രീയ ഇടപെടലുകള്‍ കുറച്ചെങ്കിലും നടത്തിയത് ഇക്കാലത്താണ്. പ്രതിപക്ഷ ബഹുമാനവും ഒത്തൊരുമയും ഇക്കാലത്ത് ഏറ്റവും മികച്ചു നിന്നു. അതിന്റെ അനുരണനങ്ങള്‍ കേരളത്തില്‍ അന്നുണ്ടായിരുന്നു.

sameeksha-malabarinews

എന്നാല്‍ വര്‍ത്തമാനകാല സാഹചര്യം നേരെ വിപരീതമാവുകയാണ്. ഗ്രാമസഭകളെ എല്ലാവരും ചേര്‍ന്ന് ക്രൂരവധത്തിന് (ദയാവധത്തിനല്ല) വിധേയമാക്കുകയാണ്. അത് ജനാധിപത്യത്തിന്റെ ചവിട്ടി മെതിക്കല്‍ കൂടിയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം കഴിയുന്നതോടുകൂടി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനാധിപത്യ രാഷ്ട്രീയമെന്നത് അവസാനിച്ചു. പിന്നെയുള്ളത് അധികാരരാഷ്ട്രീയം(power politics)മാത്രം. അതുകൊണ്ടു തന്നെ ഗ്രാമസഭകളില്‍ നടക്കുനന് ചര്‍ച്ചകളേയോ, പദ്ധതി ആസൂത്രണങ്ങളെയോ ഇവര്‍ കാര്യമാക്കാറില്ല. അഥവാ അത് ജനകീയ ജനാധിപത്യ സമ്പ്രദായങ്ങളിലൂടെ വികസിക്കണമെന്ന് ആഗ്രഹിക്കാറില്ല.

ഇതിന്റെയെല്ലാം സ്വാഭാവിക പരിണാമമാണ് ഗ്രാമസഭകള്‍ ആളും അര്‍ത്ഥവുമില്ലാതെ അനാഥമാവുന്നത് ഗ്രാമസഭകളുടെ തുടക്കത്തില്‍ തന്നെ മദ്ധ്യവര്‍ഗത്തിന് മുകളിലുള്ളവര്‍ അവരുടെ പൊതുബോധമനുസരിച്ച് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. മധ്യവര്‍ഗമാണെങ്കില്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഗ്രാമസഭയെ ഉപേക്ഷിച്ചു. പിന്നീട് ഉണ്ടായിരുന്നത് ജീവിതത്തിന്റെ നിരാശകളില്‍ പോലും ഭരണകൂട സംവിധാനങ്ങളെ പ്രതീക്ഷയോടെ നോക്കുന്ന അടിസ്ഥാനവര്‍ഗമാണ്, അവര്‍ കുടുംബശ്രീ രൂപത്തിലും തൊഴിലുറപ്പ് രൂപത്തിലുമല്ലാതെ ഗ്രാസഭകളുടെ മുക്കിലുംമൂലയിലും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരും ഗ്രാമങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു.

ഗ്രാമസഭകളുടെ തകര്‍ച്ച പൂര്‍ണമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയമം ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാളിതുവരെ ഒരു നഗരസഭ / ഗ്രാമപഞ്ചായത്ത് അംഗം വര്‍ഷത്തില്‍ രണ്ട് ഗ്രാമസഭകള്‍ നിര്‍ബന്ധമായും വിളിച്ചു ചേര്‍ത്തിരിക്കണം എന്നായിരുന്നു നിയമം. ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ അംഗം അയോഗ്യത കല്പിക്കപ്പെടും. ഇത്തരത്തില്‍ 200 ഓളം അംഗങ്ങള്‍ സംസ്ഥാനത്തിലൊട്ടാകെയുണ്ട്. ഇവരെ രക്ഷിക്കുന്നതിന് വേണ്ടിയും വരും കാലങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ അതൊരു അയോഗ്യതയായി തീരാതിരിക്കാനും വേണ്ടിയാണ് ഈ നിയമം കൊണ്ടുവരുന്നത്. ഇതോടുകൂടി ഗ്രാമസഭകളുടെ അന്ത്യം യാഥാര്‍ത്ഥ്യമാകും.

ഉദാഹരണത്തിന് വാര്‍ഷിക പദ്ധതിയുടെ കരട് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 21-ാം വാര്‍ഡ് ഗ്രാമസഭയോഗത്തില്‍ ആകെ പങ്കെടുത്തത് 20 ഓളം പേര്‍ എന്നാല്‍ ആകെ വോട്ടര്‍മാര്‍ ആയിരത്തിലേറെവരും. അതുകൊണ്ട് തന്നെ കോറം തികയാത്തതിനാല്‍ ഗ്രാമസഭകളിലും പങ്കെടുത്തവരുടെ ഒപ്പ് ഇട്ടാണ് കോറം തികയ്ക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമാണ്.

നമ്മുടെ ഗ്രാമസഭകള്‍ ഒരു വോട്ടര്‍ക്ക് തന്റെ നിലപാടുകളും തീരുമാനങ്ങളും പ്രകടിപ്പിക്കാനും അവ ചര്‍ച്ചയ്ക്ക് വിധേയമാക്കി, ജനാധിപത്യപ്രക്രിയയിലൂടെ നടപ്പില്‍ വരുത്തുന്നതിനുമുള്ള വേദിയാണ്. എന്നാല്‍ ഈ വലിയ അധികാരത്തെ കുറിച്ച് രാഷ്ട്രീയ കക്ഷികളാരും വോട്ടറെ പഠിപ്പിക്കാറില്ല. കാരണം മായാജാലക്കാരന്‍ മായാജാലക്കാരനായി തുടരുന്നത് മായാജാലത്തിന്റെ രഹസ്യങ്ങളുട സൂക്ഷിപ്പുകാരണമാണ്. അത് വെളിപ്പെടുന്നതോടുകൂടി അയാളുടെ പ്രഭാവം വെളിപ്പെടുന്നു. ഇത് തന്നെയാണ് രാഷ്ട്രീയക്കാരന്റെ നിലനില്‍പ്പിന്റെയും രഹസ്യം. അധികാര വിനിയോഗത്തിന്റെ ജനാധിപത്യ രാഷ്ട്രീയം സാധാരണ വോട്ടര്‍മാരുമായി പങ്കിട്ടാല്‍ പിന്നെന്ത് രാഷ്ട്രീയം? ഇതുകാരണം ഗ്രാമസഭകളില്‍ രാഷ്ട്രീയക്കാരുടെ സജീസാന്നിധ്യം ഉണ്ടാവാറില്ല. എന്തിനേറെ മത്സരത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍പോലും പിന്നീട് ഈ ജനാധിപത്യപ്രക്രിയകളിലേക്ക് തിരിഞ്ഞുനോക്കാറില്ല.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളെ ജനാധിപത്യവല്ക്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യേണ്ടത് ഏറ്റവും പ്രാധാന്യമേറിയ കര്‍ത്തവ്യമാണ്. എങ്കില്‍ മാത്രമെ രാഷ്ട്രീയ ഇടപെടലുകളുടെ ഇടങ്ങള്‍ സജീവമാകുകയുള്ളു. ഈ രാഷ്ട്രീയ വല്‍ക്കരണം നടത്തേണ്ടതിന്റെ വലിയ ഉത്തരവാദിത്വം രാഷ്ട്രീയ കക്ഷികളിലാണ് നിലകൊള്ളുന്നത്. എന്നാല്‍ നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും ഒരു ഇലക്ട്രിക്ക് പോസ്റ്റിന്റെ മൂന്നിഞ്ച് സ്ഥലത്തിന് വേണ്ടിയുള്ള തര്‍ക്കത്തിലും വാതുവെപ്പിലുമാണ് അതെല്ലാം കഴിയുന്നതുവരെ നമ്മുടെ ജനാധിപത്യം(?) കാത്തിരിക്കുമോ?

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!